ന്യൂഡൽഹി: രാജ്യം ആരാധനയോടെ കണ്ടിരുന്ന നിയമജ്ഞൻ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസ്സായിരുന്നു. ഭരണഘടനാ മൂല്യങ്ങൾക്ക് വേണ്ടി നിലകൊണ്ട അഭിഭാഷകനായിരന്നു ഫാലി എസ് നരിമാൻ. രാജ്യസഭാ എംപിയായിരുന്നു. സുപ്രീംകോടതിയിലെ പേരെടുത്ത അഭിഭാഷകന് രാജ്യം പത്മവിഭൂഷൺ അടക്കം നൽകി ആദരിച്ചിരുന്നു. പത്മഭൂഷണും കിട്ടി. നീതിബോധമുള്ള സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്റെ മരണം ഹൃദയാഘാതത്തെ തുടർന്നാണ്. ഫാസി സാം നരിമാൻ എന്നാണ് യഥാർത്ഥ പേര്.

ഇന്ത്യൻ ഭരണഘടനയിൽ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹം 1971 മുതൽ സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകനാണ്.1991 മുതൽ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡണ്ടായിരുന്നു. അന്താരാഷ്ട്ര ഒത്തുതീർപ്പ് വിദഗ്ദ്ധനാണ് നരിമാൻ. പ്രശസ്തമായ പല കേസുകളും വാദിച്ചിട്ടുണ്ട്.1972-1975 കാലത്ത് ഇന്ത്യയുടെ അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു. 1991 ൽ പത്മ ഭൂഷണും 2007 ൽ പത്മ വിഭൂഷണും 2002 ൽ ഗ്രൂബർ പ്രൈസും ലഭിച്ചു.1999-2005 കാലത്ത് രാജ്യ സഭാ അംഗമായിരുന്നു.

റംഗൂണിൽ ഇന്ത്യയിൽ നിന്നുള്ള പാഴ്‌സി ദമ്പതികളുടെ പുത്രനായി ജനിച്ച ഫാലിയുടെ മാതാപിതാക്കൾ സാം ബരിയാഞ്ജി നരിമാനും ബാനുവും ആയിരുന്നു.ഒരു ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. സിംലയിലെ ബിഷപ് കോട്ടൺ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്നും ധനതത്വശാസ്ത്രവും ചരിത്രവുമുൾപ്പെട്ട വിഷയത്തിൽ ബിരുദം നേടി.തുടർന്ന് ഗവണ്മെന്റ് ലോ കോളേജിൽ നിന്നായിരുന്നു നിയമ ബിരുദം. അദ്ദേഹത്തിന്റെ ആത്മകഥയാണ് ബിഫോർ മെമ്മറി ഫേഡ്‌സ്. ഇത് ഏറെ ചർച്ചയായിരുന്നു.

രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു ഫാലി എസ് നരിമാൻ. സുപ്രീം കോടതി മുൻ ജഡ്ജി റോഹിങ്ടൺ നരിമാൻ മകനാണ്. ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1972-1975 അഡീഷണൽ സോളിസിറ്റർ ജനറൽ ആയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പദവി രാജിവെച്ചു.