ന്യൂഡൽഹി: വളരെ കാലമായി കാൻസർ രോഗ ബാധിതയായിരുന്ന ഫാഷൻ ഇൻഫ്ളുവൻസർ സുർഭി ജെയിൻ അന്തരിച്ചു. 30 വയസായിരുന്നു. മരണ വിവരം കുടുംബമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇൻസ്റ്റാഗ്രാമിൽ വളരെയധികം ആരാധകരുള്ള സുർഭി അണ്ഡാശയ അർബുദത്തിന് ചികിത്സയിലായിരുന്നു. എട്ട് ആഴ്ച മുമ്പ് സുർഭി ജെയിൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിത്രം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു.

"എന്റെ ആരോഗ്യത്തെക്കുറിച്ച് ഞാൻ നിങ്ങളെ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്ന് എനിക്കറിയാം, അത് എനിക്ക് ദിവസവും ലഭിക്കുന്ന മെസ്സേജുകളുടെ എണ്ണം കാണുമ്പോൾ തെറ്റായി തോന്നുന്നു. പക്ഷേ കാര്യങ്ങൾ അത്ര നന്നായി നടക്കുന്നില്ല. അതിനാൽ പങ്കിടാൻ കാര്യമായൊന്നുമില്ല. കഴിഞ്ഞ 2 മാസങ്ങൾ ഞാൻ കൂടുതലും ആശുപത്രിയിൽ ചെലവഴിച്ചു, ഇത് ബുദ്ധിമുട്ടാണ്, ഇതെല്ലാം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നാണ് അവർ അവസാനമായി കുറിച്ചത്.

ഇത് രണ്ടാം തവണയാണ് സുർഭി ജെയിൻ ക്യാൻസർ രോഗബാധിതയാകുന്നത്. 27-ാം വയസ്സിൽ, ആദ്യത്തെ രോഗനിർണയത്തിന് ശേഷം ശസ്ത്രക്രിയ നടത്തിയിരുന്നു.