സുൽത്താൻ ബത്തേരി: മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ്ണർ എൻ.മോഹൻദാസ് (73) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. 2001 മുതൽ അഞ്ച് വർഷക്കാലം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ ആയിരുന്നു. ജില്ല ജഡ്ജി, പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റി ദക്ഷിണമേഖല ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.

ആറ്റിങ്ങൽ നഗരസഭാ തെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർത്ഥിയായും മത്സരിച്ചു.തിരുവനന്തപുരം ആറ്റിങ്ങൽ കുഴിയിൽമുക്ക് കുന്നിൽവീട്ടിൽ നാണുക്കുട്ടൻ-നളിനി ദമ്പതികളുടെ മകനാണ്.

ഏറെക്കാലമായി വയനാട്ടിലായിരുന്നു താമസം. ഭാര്യ: സൂക്ഷ്മ മോഹൻദാസ്, മക്കൾ: മനു മോഹൻദാസ്, നീനു മോഹൻദാസ്. മരുമക്കൾ: ഇന്ദു, സേതു. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് വയനാട്ടിലെ ഇരുളത്തെ വസതിയായ ഗീത ഗാർഡൻസിൽ നടക്കും.