കൊച്ചി: മലയാള സിനിമയിൽ ചെറുതെങ്കിലും ശ്രദ്ധ നേടിയ വേഷങ്ങളിലൂടെ പേരെടുത്ത നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലിരിക്കവേയായിരുന്നു ഹരീഷ് പേങ്ങന്റെ അന്ത്യം. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് കരൾ രോഗം സ്ഥിരീകരിച്ചത്.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളിൽ ഹരീഷ് പേങ്ങൻ വേഷമിട്ടിട്ടുണ്ട്. നേരത്തെ ഹരീഷിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കൾ സാമൂഹ്യമാധ്യമങ്ങൾ വഴി സഹായം അഭ്യർത്ഥിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് അപ്രതീക്ഷിത വിയോഗം.

അടിയന്തരമായി കരൾ മാറ്റിവയ്ക്കലാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത കലാകാരനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ നല്ല മനസ്സുകളുടെ സഹായം തേടിയെങ്കിലും സഹായങ്ങൾക്കു കാത്തു നിൽക്കാതെയാണ് അദ്ദേഹം മടങ്ങുന്നത്.

ചെറിയ വയറു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കരൾ സംബന്ധമായ അസുഖമാണെന്നു തിരിച്ചറിഞ്ഞത്. കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്കു ഭീമമായ തുകയാണ് ചെലവാകുന്ന അവസ്ഥ ഉണ്ടായിരുന്നു.