ഇടുക്കി: കുഞ്ഞ് മരിച്ചതിൽ മനംനൊന്ത് അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ കൈതപ്പതാൽ സ്വദേശിനി ലിജി ടോം(38), മകൻ ബെൻ ടോം (7) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 6 മണിയോടെ ഇടുക്കി പൂപ്പാറയ്ക്ക് സമീപമുള്ള ലിജിയുടെ വീട്ടിലാണ് സംഭവം. ലിജിയുടെ 29 ദിവസം പ്രായമായ കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കരുങ്ങി മരിച്ചിരുന്നു. ഇതിന്റെ വിഷമം താങ്ങാൻ കഴിയാതെ മാതാവ് ഏഴുവയസുകാരനായ മകനെയും കൂട്ടി കിണറ്റിൽച്ചാടി ജീവനൊടുക്കുകയായിരുന്നു.

തിടനാട് കുമ്മനുപറമ്പിൽ ടോംജോർജ്ജിന്റെ ഭാര്യയാണ് ലിജി. പ്രസവത്തിനായിട്ടാണ് കൈതപ്പതാലിനടുത്ത് ചീന്തലാറിലെ സ്വന്തം വീട്ടിലെത്തിയത്. 14-ന് വൈകുന്നേരം 3.30 തോടെ മുലകൊടുക്കുമ്പോൾ കുഞ്ഞിന് അസ്വസ്ഥത അനുഭപ്പെടുകയായിരുന്നു. ഉടൻ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെയായിരുന്നു കുഞ്ഞിന്റെ സംസ്‌കാരം.

ഇന്നു രാവിലെ ബന്ധുക്കളെല്ലാം പള്ളിയിൽ പോയ സമയത്ത് ലിജിയും മകനും മാത്രമായിരുന്നു വീട്ടിൽ. പള്ളിയിൽനിന്നു മടങ്ങിയെത്തിയ ബന്ധുക്കൾ വീട്ടിൽ ലിജിയെയും മകനെയും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ കിണറ്റിൽ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.

ഉപ്പുതറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.