കൽപ്പറ്റ: കൂട്ടുകാരോടൊത്ത് പുഴയിൽ കുളിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. താഴെ അരപ്പറ്റ മഞ്ഞിലാൻകുടിയിൽ ഉണ്ണികൃഷ്ണൻ (25) ആണ് മരിച്ചത്. കൽപ്പറ്റ മേലേ അരപ്പറ്റ ആറാം നമ്പർ പുഴയിലായിരുന്നു അപകടം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടിനെയാകെ കണ്ണീരിലാഴ്‌ത്തിയ അപകടമുണ്ടായത്.

സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ഉണ്ണികൃഷ്ണൻ അപകടത്തിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതനുസരിച്ച് എത്തിയ നാട്ടുകാർ ഉണ്ണികൃഷ്ണനെ കരക്കെത്തിച്ച് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാന്തൻപാറ വെള്ളച്ചാട്ടത്തിന്റെ ഭാഗമാണ് ഉണ്ണികൃഷ്ണൻ അപകടത്തിൽപ്പെട്ട അരപ്പറ്റ ആറാംനമ്പർ പുഴ.