- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുത്തുകാരി കെ ബി ശ്രീദേവി അന്തരിച്ചു; അന്ത്യം വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയിലെ വസതിയിൽ; സംസ്ക്കാരം വൈകീട്ട് നാലിന്
കൊച്ചി: പ്രശസ്ത എഴുത്തുകാരി കെ.ബി. ശ്രീദേവി(84) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ മകന്റെ വസതിയിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് തൃപ്പൂണിത്തുറയിൽ വെച്ച് നടക്കും. 1940 മെയ് 1-ന് മലപ്പുറം ജില്ലയിൽ വെള്ളക്കാട്ടുമനയിലാണ് ജനനം. ഗൗരി അന്തർജനം, നാരായണൻ ഭട്ടതിരിപ്പാട് എന്നിവരാണ് മാതാപിതാക്കൾ.
വണ്ടൂർ വി എം.സി. ഹൈസ്കൂൾ, തൃപ്പൂണിത്തുറ ഗേൾസ് ഹൈസ്കൂൾ, വരവൂർ സർക്കാർ സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. മൂന്നുവർഷം നരവത്ത് ദേവകിയമ്മയുടെ കീഴിൽ വീണ അഭ്യസിച്ചു. പതിനാറാം വയസ്സിൽ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെ വിവാഹം ചെയ്തു. കഥ, നോവൽ, പഠനം, ബാലസാഹിത്യം, നാടകം എന്നിങ്ങനെ വിവിധ മേഖലകളിൽ നിരവധി സംഭാവനകൾ മലയാളസാഹിത്യത്തിനു നൽകി.
യജ്ഞം, അഗ്നിഹോത്രം, പറയിപെറ്റ പന്തിരുകുലം, മൂന്നാം തലമുറ, മുഖത്തോടുമുഖം, തിരിയുഴിച്ചിൽ, കുട്ടിത്തിരുമേനി എന്നിവ കൃതികളാണ്. സാഹിത്യ അക്കാദമി അവാർഡ്, 'നിർമല' കഥയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, കുങ്കുമം അവാർഡ്, നാലപ്പാടൻ നാരായണ മേനോൻ അവാർഡ്, വി.ടി. അവാർഡ്, ജ്ഞാനപ്പാന അവാർഡ്, അമൃതകീർത്തി പുരസ്കാരം എന്നിവ എഴുത്തുകാരിയെ തേടിയെത്തി.
'യജ്ഞം' നോവലിന് അതേപേരിൽ ചെറുമകൾ കെ. രഞ്ജന ദൃശ്യഭാഷ്യമൊരുക്കിയിരുന്നു. ജനിക്കുന്നതിനുമുന്നെ മനുഷ്യനുമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഭ്രഷ്ടും ചെറുപ്രായത്തിലുള്ള വൈധവ്യവുമെല്ലാം തുറന്നുകാട്ടുന്ന ചിത്രമായിരുന്നു 'യജ്ഞം'. മക്കൾ: ഉണ്ണി, ലതാ, നാരായണൻ മരുമക്കൾ; തനൂജ, വാസുദേവൻ, ദീപ്തി.
മറുനാടന് മലയാളി ബ്യൂറോ