- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശസ്ത സിനിമാ താരം കലാഭവൻ ഹനീഫ് അന്തരിച്ചു; അന്ത്യം എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; നിരവധി ജനപ്രിയ സിനിമകളിൽ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹനീഫ മിമിക്രിയിൽ നിന്നും വെള്ളിത്തിരയിൽ എത്തിയ താരം
കൊച്ചി: പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് (63) അന്തരിച്ചു. നിരവധി ജനപ്രിയ സിനിമകളിൽ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. സീരിയലുകളിലും താരമായിരുന്നു. ദേ മാവേലി കൊമ്പത്ത് അടക്കമുള്ള പ്രോഗ്രാമുകളിലൂടെ വളർന്നു വന്ന താരമാണ് ഹനീഫ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്.
എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്‌കൂൾ പഠന കാലത്തുതന്നെ മിമിക്രിയിൽ സജീവമായിരുന്നു. പിന്നീട് നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി മാറി.
1990ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയിൽ തുടക്കംകുറിക്കുന്നത്. ഈ പറക്കും തളിക, പാണ്ടിപ്പട, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഉസ്താദ് ഹോട്ടൽ, ദൃശ്യം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമായി. ഈ വർഷം പുറത്തിറങ്ങിയ ജലധാര പമ്പ്‌സെറ്റാണ് അവസാന ചിത്രം.
സിനിമകൾ കൂടാതെ അറുപതോളം ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 'കോമഡിയും മിമിക്‌സും പിന്നെ ഞാനും' അടക്കം പല ടെലിവിഷൻ ഷോകളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി മിമിക്രി ഷോകളിൽ ഹനീഫ് പങ്കെടുത്തിട്ടുണ്ട്.
ദിലീപ് ചിത്രങ്ങളിലായിരുന്നു ഹനീഫിന് കൂടുതൽ വേഷങ്ങൾ ലഭിച്ചത്. കൊച്ചിയിൽ വിശാലമായി സൗഹൃദവും ഹനീഫിനുണ്ടായിരുന്നു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അംഗീകരിക്കപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്. 30 വർഷത്തോളം മലയാളം സിനിമാ രംഗത്ത് സജീവമായിരുന്നു എന്നതാണ് ഹനീഫിനെ സിനിമയിൽ അടയാളപ്പെടുത്തുന്ന കാര്യം.
ഭാര്യ: വാഹിദ. മക്കൾ: ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്. ഖബറടക്കം നാളെ നടക്കും.