തൊടുപുഴ: 108-ാം വയസ്സിൽ അക്ഷരം പഠിക്കാനിറങ്ങി മികച്ച വിജയം നേടി പ്രശംസ പിടിച്ചുപറ്റിയ 'അക്ഷരമുത്തശ്ശി' വിട വാങ്ങി. 2021-22ൽ സാക്ഷരതാ പരിപാടിയിൽ കേരളത്തിലെ ഏറ്റവും പ്രായം കൂടിയ പഠിതാവായിരുന്ന ഇടുക്കി വണ്ടന്മേട് സ്വദേശിനി കമലക്കണ്ണിയമ്മ (110) ഇന്നലെ രാവിലെയാണ് അന്തരിച്ചത്. മാലി ഇഞ്ചപ്പടപ്പിലായിരുന്നു താമസം.

പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും ചേർന്നു നടത്തുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയിലൂടെ അക്ഷരങ്ങൾ പഠിച്ച് 2022 മാർച്ചിലാണു കമലക്കണ്ണിയമ്മ പരീക്ഷയെഴുതിയത്. 100ൽ 98 മാർക്കോടെ മികച്ച വിജയവും നേടിയിരുന്നു. സ്വന്തം പേര് എഴുതാനുള്ള മോഹമാണ് 108-ാം വയസ്സിലും അക്ഷരം പഠിക്കാൻ കമലക്കണ്ണിയമ്മയെ പ്രേരിപ്പിച്ചത്.

പിതാവ് വേട്ടയ്യൻ കങ്കാണിക്കൊപ്പം 15-ാം വയസ്സിലാണു കമലക്കണ്ണിയമ്മ തമിഴ്‌നാട്ടിൽ നിന്ന് ഇടുക്കിയിലേക്കെത്തിയത്. തേയിലത്തോട്ടത്തിലായിരുന്നു ജോലി. പിന്നീടു ഭർത്താവ് ശങ്കറിനൊപ്പം ഏലത്തോട്ടങ്ങളിൽ ജോലി ചെയ്തു. ഭക്ഷണത്തിൽ ഉൾപ്പെടെ ചിട്ടയായ ജീവിതചര്യയാണ് ഈ മുത്തശ്ശി തുടർന്നുവന്നിരുന്നത്. ഭർത്താവിന്റെ മരണശേഷം ഇളയമകൻ ചെല്ലദുരൈയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.