ചെന്നൈ: മുതിർന്ന സിപിഎം. നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ എൻ. ശങ്കരയ്യ (102) അന്തരിച്ചു. പനിയും ശ്വാസതടസ്സവുംമൂലം ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് പുലർച്ചെയായിരുന്നു. സിപിഎമ്മിന്റെ സ്ഥാപന നേതാക്കളിൽ ഒരാളാണ്.

സിപിഎം. ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ കിസാൻ സഭ അധ്യക്ഷൻ, സിപിഎം. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി, രണ്ടു ദശാബ്ദത്തിലധികം സിപിഎം. കേന്ദ്രകമ്മിറ്റിയംഗം എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രായാധിക്യത്തെത്തുടർന്ന് കുറച്ചുവർഷങ്ങളായി സജീവരാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. 57 വർഷങ്ങൾക്കു മുൻപ് സിപിഐയുടെ ദേശീയ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോന്നു സിപിഎമ്മിനു രൂപം നൽകിയവരിൽ ഇപ്പോൾ ജീവിച്ചിരിപ്പുള്ളത് വി എസ് അച്യുതാനന്ദൻ മാത്രമാണ്.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ അരങ്ങേറിയ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിലൂടെ ഇന്ത്യയുടേയും അവിടെ നിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ചരിത്രത്തിലേക്കാണ് എൻ ശങ്കരയ്യ നടന്നുകയറിയത്. സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിൽ കൊരുത്ത് വിപ്ലവ ചെങ്കൊടിയുടെ തണലിലേക്കെത്തിയതാണു ശങ്കരയ്യയുടെ ജീവിതം.

1941ൽ മധുര അമേരിക്കൻ കോളജിലെ തീപ്പൊരി നേതാവായാണു തുടക്കം.സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനു ബ്രിട്ടീഷ് സൈന്യം പിടികൂടി ജയിലിലടച്ചു.എട്ടുവർഷത്തിനു ശേഷം രാജ്യം സ്വതന്ത്രമാകുന്നതിനു തൊട്ടുതലേന്നാണു പിന്നീട് ജയിലിനു പുറത്തിറങ്ങിയത്.1964 ലെ കൊൽക്കത്ത സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളായിരുന്നു.

1967, 1977, 1980 തിരഞ്ഞെടുപ്പുകളിൽ സിപിഎം അംഗമായി തമിഴ്‌നാട് നിയമസഭയിലെത്തിയ അദ്ദേഹം ഏറെക്കാലം പാർട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്നു. അൽപ കാലം മുൻപു വരെ പാർട്ടി യോഗങ്ങളിലും തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലും സജീവമായിരുന്നു. ആദർശത്തിലും നിലപാടിലും അണുകിട വ്യതിചലിക്കാത്ത സഖാവിന്റെ പ്രസംഗങ്ങൾ വാളുപോലെ മൂർച്ചയുള്ളതായിരുന്നു.

മധുര, വെല്ലൂർ ജയിലുകളിലെ വർഷങ്ങൾ നീണ്ട തടവ് ശിക്ഷയും രാജാമുദ്രയിലെ ജയിലിലെ ഏകാന്ത തടവുമെല്ലാം ശങ്കരയ്യയുഡി പോരാട്ടവീര്യത്തെ കൂടുതൽ മൂർച്ചയുള്ളതാക്കി. ശങ്കരയ്യയുടെയും മറ്റും മുദ്രാവാക്യങ്ങൾക്ക് നടുവിലൂടെയാണ് തലയുയർത്തിപ്പിടിച്ച് കയ്യൂർ സഖാക്കൾ തൂക്കുമരത്തിലേക്ക് നടന്നുകയറിയതെന്നതും മറക്കാൻ പറ്റാത്ത മറ്റൊരു ചരിത്രമാണ്.