കൊച്ചി: മാതൃഭൂമി സ്പോർട്സ് ന്യൂസ് എഡിറ്റർ പി.ടി.ബേബി അന്തരിച്ചു. അമ്പത് വയസ്സായിരുന്നു. ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ഇന്നു വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. എറണാകുളം പിറവം സ്വദേശിയാണ്. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് നീറാംമുകൾ സെയ്ന്റ് പീറ്റേഴ്സ് ആൻഡ് സെയ്ന്റ് പോൾസ് പള്ളി സെമിത്തേരിയിൽ.

എറണാകുളം ഏഴക്കരനാട് പുളിക്കൽ വീട്ടിൽ പരേതരായ തോമസിന്റെ റാഹേലിന്റെയും മകനാണ്. ഭാര്യ: പരേതയായ സിനി. മക്കൾ: ഷാരോൺ, ഷിമോൺ. സഹോദരങ്ങൾ: പരേതനായ പി.ടി.ചാക്കോ, ഏലിയാമ്മ, സാറായി, പി.ടി.ജോണി, പരേതയായ അമ്മിണി.

1996ൽ ജേണലിസ്റ്റ് ട്രെയിനായി ചേർന്ന ബേബി മാതൃഭൂമിയുടെ കൊച്ചി, കോഴിക്കോട്, കണ്ണൂർ എഡിഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്. ദീർഘകാലം മാതൃഭൂമിയുടെ സ്പോർട്സ് വിഭാഗത്തിന്റെ പ്രധാന ചുമതലക്കാരിലൊരാളായി. ഒളിമ്പിക്സ്, ലോകകപ്പ് ഫുട്ബോൾ, ലോകകപ്പ് ക്രിക്കറ്റ് എന്നീ മൂന്ന് കായിക മഹാമേളകൾ റിപ്പോർട്ട് ചെയ്ത അപൂർവം മാധ്യമപ്രവർത്തകരിലൊരാളാണ്.

2011ൽ നടന്ന ക്രിക്കറ്റ് ലോകകപ്പ്, 2012ലെ ലണ്ടൻ ഒളിമ്പിക്സ്, 2018ൽ റഷ്യ ലോകകപ്പ് ഫുട്ബോൾ എന്നിവയാണ് ബേബി റിപ്പോർട്ട് ചെയ്തത്. ഇതുകൂടാതെ ഐ.പി.എൽ, സന്തോഷ് ട്രോഫി, ദേശീയ ഗെയിംസ്, ഫെഡറേഷൻ കപ്പ് ഫുട്ബോൾ തുടങ്ങി ഒട്ടേറെ കായികമേളകളുടെ ആവേശം മാതൃഭൂമിയുടെ വായനക്കാരിലെത്തിച്ചു.

റിപ്പോർട്ടിങ്ങിനൊപ്പം പത്രരൂപകൽപനയിലും മികവുകാട്ടിയ മാധ്യമപ്രവർത്തകനായിരുന്നു ബേബി. 2022 ഫുട്ബോൾ ലോകകപ്പിൽ അർജന്റീന കിരീടം നേടിയപ്പോൾ ബേബി രൂപകൽപന ചെയ്ത 'മെസിമുത്തം' എന്ന തലക്കെട്ടിലുള്ള മതൃഭൂമി ഒന്നാം പേജ് രാജ്യാന്തര ന്യൂസ് പേപ്പർ ഡിസൈൻ മത്സരത്തിൽ സ്വർണമെഡൽ നേടിയിരുന്നു. ഈ പുരസ്‌കാരത്തിൽ വെങ്കലവും ബേബി രൂപകൽപന ചെയ്ത പേജിനായിരുന്നു. പെലെ അന്തരിച്ചപ്പോഴുള്ള കെടാവിളക്ക് എന്ന പേജിനായിരുന്നു ഇത്.