കണ്ണൂർ: അന്തരിച്ച മുൻ കേന്ദ്ര വിജിലൻസ് കമ്മിഷണറും മലബാറിലെ ആദ്യകാല ഐ.എ.എസ്. ഉദ്യോഗസ്ഥരിൽ ഒരാളുമായ തയ്യിൽ ഉപ്പോട്ട് വിജയശേഖരന്റെ (91) സംസ്്ക്കാരം ഇന്ന് നടക്കും. രാവിലെ പത്തുമണിക്ക് പയ്യാമ്പലത്താണ് സംസ്‌ക്കാരം. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് പയ്യാമ്പലം ഗേൾസ് സ്‌കൂളിനു സമീപം 'കെനിൽവർത്ത്' വീട്ടിലായിരുന്നു അന്ത്യം.

1955-ൽ ഒഡിഷ കാഡറിൽ ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിലെത്തിയ അദ്ദേഹം വി.പി.സിങ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് വിജിലൻസ് കമ്മിഷണറായി നിയമിതനായത്. 1990 മുതൽ '95 വരെ ആ പദവയിലുണ്ടായിരുന്നു. ഒഡീഷയിൽ സബ് കളക്ടറായി ഔദ്യോഗിക ജീവിതം തുടങ്ങിയ അദ്ദേഹം പിന്നീട് കളഹന്ദി ജില്ലാകളക്ടറായി. പ്രതിരോധവിഭാഗം ജോ. സെക്രട്ടറിയായി കേന്ദ്ര സർവീസിലെത്തി. തുടർന്ന് കൽക്കരി വകുപ്പിലും ഭക്ഷ്യവകുപ്പിലും സെക്രട്ടറിയായി.

പരേതനായ കോഴിക്കോട് സ്വദേശി ടി.ശേഖരന്റെയും കണ്ണൂർ ഉപ്പോട്ട് ശ്രീദേവിയുടെയും മകനാണ്. പിതാവിന്റെ ജോലിസ്ഥലമായ ചെന്നൈയിലായിരുന്നു വിജയശേഖരൻ വളർന്നതും പഠിച്ചതും. ഭാര്യ: പ്രേംകുമാരി. മക്കൾ: ശ്രീകുമാർ (ചാർട്ടേഡ് അക്കൗണ്ടന്റ് ബെംഗളൂരു), വിദ്യ അശോക് (അമേരിക്ക), ഹൃദയമാറ്റ ശസ്ത്രക്രിയാവിദഗ്ധൻ ഡോ. ശ്രീനാഥ് (ചെന്നൈ). മരുമക്കൾ: ശമില, അശോക്, ഡോ. ഷൈജ. സംസ്‌കാരം വ്യാഴാഴ്ച 10-ന് പയ്യാമ്പലത്ത്.