- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനോഹർ ജോഷി അന്തരിച്ചു
ന്യൂഡൽഹി: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുൻ ലോക്‌സഭാ സ്പീക്കറുമായിരുന്ന മനോഹർ ജോഷി അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. 86 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് മുംബൈയിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ നടക്കും.
1995 മുതൽ 1999 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം അവിഭക്ത ശിവസേനയിൽ നിന്ന് സംസ്ഥാനത്തെ ഉന്നത പദവിയിലെത്തുന്ന ആദ്യ നേതാവായിരുന്നു. 1990 - 91 കാലത്ത് മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.പാർലമെന്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ട ജോഷി 2002 മുതൽ 2004 വരെ ലോക്‌സഭാ സ്പീക്കറായിരുന്നു. നാലു ദശകം ശിവസേനയുടെ പ്രവർത്തകനായിരുന്ന അദ്ദേഹം അദ്ധ്യാപക ജോലിയിലിരിക്കെ 1967-ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചു.
1968-70 കാലത്ത് മുംബൈയിൽ മുനിസിപ്പൽ കൗൺസിലറും 1970 ൽ സ്റ്റാൻഡിങ് കമ്മിറ്റി (മുനിസിപ്പൽ കോർപ്പറേഷൻ) ചെയർമാനുമായിരുന്നു. 1976 മുതൽ 1977 വരെ ഒരു വർഷം മുംബൈ മേയറായും പ്രവർത്തിച്ചു. 1972-ൽ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ ലെജിസ്ലേറ്റീവ് കൗൺസിലിൽ സേവനമനുഷ്ഠിച്ച ശേഷം ജോഷി 1990-ൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1937 ഡിസംബർ 2 ന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ നന്ദ്വിയിൽ ജനിച്ച ജോഷി മുംബൈയിലാണ് വിദ്യാഭ്യാസം നേടിയത്. 2020-ൽ 75-ആം വയസ്സിൽ അന്തരിച്ച അനഘ മനോഹർ ജോഷിയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന് ഒരു മകനും രണ്ട് പെൺമക്കളുമുണ്ട്. 1972ൽ മഹാരാഷ്ട്ര ലെജിസ്ലേറ്റിവ് കൗൺസിലിലേക്കും 1990ൽ മഹാരാഷ്ട്ര നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1990-91 കാലഘട്ടത്തിൽ പ്രതിപക്ഷ നേതാവായിരുന്നു. 1999 ലോക്സഭാ തിരഞ്ഞെടുപ്പിൽ മുംബൈ സെൻട്രൽ മണ്ഡലത്തിൽ നിന്ന് മത്സരിച്ചാണ് വിജയിച്ചത്.