രാമനാട്ടുകര: ഓടിക്കൊണ്ടിരുന്ന സൈനികവാഹനത്തിനു മുകളിലേക്ക് കല്ലുപതിച്ചതിനെ തുടർന്ന് മലയാളി സൈനികൻ മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം കുന്നത്ത്‌മോട്ട വടക്കേ വാൽപറമ്പിൽ ജയരാജന്റെ മകൻ പി. ആദർശാണ് (26) മരിച്ചത്. ആദർശ് സഞ്ചരിച്ച വാഹനത്തിനുമുകളിലേക്ക് മലമുകളിൽനിന്ന് കല്ലുവീഴുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹിമാചൽപ്രദേശിലെ ഷിംലയിലാണ് അപകടമുണ്ടായത്.

റെജിമെന്റിലെ ജാക്രി ട്രാൻസിസ്റ്റ് ക്യാമ്പിൽനിന്ന് ജോലിസ്ഥലത്തേക്കു പോകുമ്പോൾ മണ്ണിടിച്ചിൽ ഉണ്ടാവുകയും മലമുകളിൽ നിന്ന് പാറക്കഷണങ്ങൾ വാഹനത്തിനു മുകളിലേക്ക് വീഴുകയുമായിരുന്നു. കരസേന 426 ഇൻഡിപെൻഡന്റ് എൻജിനിയറിങ് കമ്പനിയിൽ സൈനികനായിരുന്ന ആദർശ് ഏഴുവർഷമായി സർവീസിലുണ്ട്. സൈന്യത്തിന്റെ നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം ശനിയാഴ്ച വൈകീട്ട് കണ്ണൂർ മിലിട്ടറി ക്യാമ്പിലെത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

ഫാറൂഖ് കോളേജ് ചേമ്പീട്ടിൽ സുരേഷിന്റെ മകൾ ആദിത്യയാണ് ഭാര്യ. നവംബർ ഒമ്പതിന് വിവാഹം കഴിഞ്ഞതിനുശേഷമായിരുന്നു വീണ്ടും ജോലിയിൽ പ്രവേശിച്ചത്. അമ്മ: ബബിത. സഹോദരങ്ങൾ: അക്ഷയ് (ഇന്ത്യൻ ആർമി, ലഖ്നൗ ഉത്തർപ്രദേശ്, കാലിക്കറ്റ് ഡിഫൻസ് മെമ്പർ), അനന്തു.