കടപ്പന: ഇടുക്കിയിൽ പൊറോട്ട കഴിച്ചതിനെ തുടർന്നുണ്ടായ അലർജി രോഗം വിദ്യാർത്ഥിനിയുടെ ജീവനെടുത്തു. രോഗം ഭേദമായെന്ന് കരുതിയാണ് പൊറോട്ട കഴിച്ചത്. അലർജി രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് വിദ്യാർത്ഥിനിയുടെ മരണം. ചെറുതോണി താന്നിക്കണ്ടം വെളിയത്തുമാരിയിൽ സിജുവിന്റെ മകൾ നയൻ മരിയ സിജു(16)ആണ് മരിച്ചത്. മൈദ, ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണ വസ്തുക്കളിൽ നിന്നുള്ള അലർജിയേ തുടർന്ന് കുട്ടിക്ക് മുൻപ് ചികിത്സ തേടിയിരുന്നു.

എന്നാൽ അടുത്തിടെയായി രോഗം ഭേദപ്പെട്ടതായി തോന്നിയതിനെ തുടർന്ന് ചെറിയതോതിൽ ഇത്തരം ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയിരുന്നു. വ്യാഴം വൈകിട്ട് പൊറോട്ട കഴിച്ചതോടെ രക്തസമ്മർദ്ദം പെട്ടെന്ന് താഴ്ന്നു പോവുകയും, കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

തുടർന്ന് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ നില പെട്ടെന്ന് ഗുരുതരമാവുകയും ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് പെൺകുട്ടിയുടെ അച്ഛൻ സിജു.

സംസ്‌കാരം പിന്നീട്.