തലശേരി: അന്തരിച്ച നഗരസഭാ വൈസ് ചെയർമാൻ വാഴയിൽ ശശിക്ക് നാടിന്റെ അന്ത്യാഞ്ജലി. സിപിഎം തലശേരി ഏരിയ കമ്മിറ്റി ഓഫിസിലും നഗരസഭ ഓഫിസിലും വീട്ടിലും പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം കണ്ടിക്കൽ നിദ്രാതീരത്ത് സംസ്‌കരിച്ചു.

ദുഃഖസൂചകമായി നഗരസഭാ പരിധിയിൽ തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് രണ്ട് മണിമുതൽ നാലു മണിവരേ ഹർത്താലാചരിച്ചു. ബീഡി തൊഴിലാളിയായി ജീവിതം ആരംഭിച്ച് ബാലസംഘത്തിൽ കൂടി സംഘടനാ രംഗത്തേക്ക് കടന്നുവന്ന് ഡിവൈഎഫ്ഐയുടെ തിരുവങ്ങാട് വില്ലേജ് സെക്രട്ടറിയായും തലശേരി ബ്ലോക്ക് ഭാരവാഹിയായും പ്രവർത്തിച്ചു. 1977ൽ പാർട്ടി അംഗമായി. സിപിഎം തിരുവങ്ങാട് ലോക്കൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു.

നിലവിൽ സിപിഎ ഏരിയാ കമ്മിറ്റിയംഗമാണ്. ഈ കാലയളവിലാണ് അദ്ദേഹത്തിന്റെ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. തലശേരിയിലെ സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ മുഖ്യപങ്ക് വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സ്പീക്കർ എ.എൻ. ഷംസീർ, കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വി ജയരാജൻ, പി.ജയരാജൻ, ടി.വി രാജേഷ്, ഡോ.വി. ശിവദാസൻ എംപി, വത്സൻ പനോളി, എൻ.ചന്ദ്രൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് കെ.പി സഹദേവൻ, കെ.പി മോഹനൻ എംഎ‍ൽഎ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി.എൻ. ചന്ദ്രൻ, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം വി.എ നാരായണൻ, ബിജെപി ദേശീയകൗൺസിൽ അംഗം പി.കെ കൃഷ്ണദാസ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

തലശേരി നഗരസഭാ വൈസ് ചെയർമാനും സിപിഎം തലശേരി ഏരിയാകമ്മിറ്റിയംഗവുമായ വാഴയിൽ ശശി (65) തലശേരിയിലെ വിവിധ വികസന പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ച ജനപ്രതിനിധിയാണ്. തലശേരി കാർണിവൽ, നഗരസഭാ സ്റ്റേഡിയം നവീകരണം തുടങ്ങി ഒട്ടേറെ വികസന പ്രവർത്തനങ്ങളിൽ അദ്ദേഹം മുൻനിരയിൽ നിന്നു. രോഗബാധിതനായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്‌ച്ച പുലർച്ചെയാണ് ചികിത്സയ്ക്കിടെ മരിച്ചത്. അര നൂറ്റാണ്ട് കാലം തലശേരിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്നു.

ബീഡി തൊഴിലാളിയായി ജീവിതം ആരംഭിച്ച് ബാലസംഘത്തിൽ കൂടി സംഘടനാ രംഗത്തേക്ക് കടന്നുവന്ന് ഡിവൈഎഫ്ഐയുടെ തിരുവങ്ങാട് വില്ലേജ് സെക്രട്ടറിയായും തലശേരി ബ്ലോക്ക് ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു. പരേതരായ വാഴയിൽ പൈതലിന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: കെ. സുജയ (തലശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ, കേരള കോ-ഓപറേറ്റിവ് എംപ്ലോയിസ് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്). മക്കൾ: സിജിൻ (പുന്നോൽ സർവിസ് സഹകരണ ബാങ്ക്), സിൻസി (ട്യൂട്ടർ, കോ-ഓപ്പറേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ട ഓഫ് ഹെൽത്ത് സയൻസസ്). മരുമക്കൾ: ദിൻഷ സിജിൻ (പാറാൽ), മിഥുൻ (ഖത്തർ). സഹോദരങ്ങൾ: പവിത്രൻ, രാജി, രമേശൻ.