- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണം ഡോക്ടർ സ്ഥിരീകരിച്ചത് ഇന്നലെ രാവിലെയോടെ; സംസ്ക്കാരച്ചടങ്ങുകൾ ആരംഭിച്ചതോടെ കണ്ണുകൾ തുറന്നും ബന്ധുവിന്റെ കൈയിൽ പിടിച്ചും വയോധികൻ; ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വീണ്ടും മരണം കവർന്നു; അൽപ്പനേരം കൂടി ജീവിച്ച് മരിച്ച് രമണൻ
കൊടുങ്ങല്ലൂർ: മരിച്ചെന്ന് ഉറപ്പിച്ചയാൾ സംസ്ക്കാരച്ചടങ്ങിനിടെ കണ്ണു തുറന്നെന്നൊക്കെയുള്ള സംഭവങ്ങൾ സമീപകാലത്ത് വാർത്തകളിൽ ഇടംനേടാറുണ്ട്.ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് മിക്കപ്പോഴും ഇത്തരം വാർത്തകൾ കേൾക്കാറുള്ളത്.എന്നാൽ ഇപ്പോഴിത സമാനമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ ഭാഗത്ത് ഉണ്ടായത്.
മേത്തല പാലിയംതുരുത്ത് പണിക്കശേരി രമണനാണ് (77) മരിച്ചെന്നു ഡോക്ടർ അറിയിച്ചു മണിക്കൂറുകൾ കഴിഞ്ഞ് വീണ്ടും ജീവന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്.എന്നാൽ പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി രമണൻ മരണപ്പെടുകയും ചെയ്തു.സംഭവം ഇങ്ങനെ..രമണൻ ഏറെക്കാലമായി കിടപ്പിലായിരുന്നു. ഇന്നലെ രാവിലെ 9.20നാണ് സമീപത്തു താമസിക്കുന്ന ആയുർവേദ ഡോക്ടർ മരണം സ്ഥിരീകരിച്ചത്.
വിവരമറിഞ്ഞ് ബന്ധുക്കളും അയൽക്കാരും വീട്ടിലെത്തിയിരുന്നു. വി.ആർ.സുനിൽകുമാർ എംഎൽഎയും അന്ത്യോപചാരമർപ്പിച്ചു. സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾക്കിടയിലാണ് സഹോദരന്റെ മകൾ മിനി കണ്ണുകളിലെ അനക്കവും കയ്യിലെ മുറുകെപ്പിടിത്തവും ശ്രദ്ധിച്ചത്.അടഞ്ഞെന്നു കരുതിയ കണ്ണുകളിൽ ജീവന്റെ തുടിപ്പ്. ഉഴിഞ്ഞുകൊണ്ടിരുന്ന കയ്യിലൊരു പിടിത്തം. മിനി ആഹ്ലാദത്തോടെ തിരിച്ചറിഞ്ഞു 'ഇല്ല, ചെറിയച്ഛൻ മരിച്ചിട്ടില്ല'.
ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്കു തിരിച്ചു. പക്ഷേ, അവിടെ എത്തുമ്പോഴേക്കും നേരത്തേ മടിച്ചുനിന്ന മരണം അദ്ദേഹത്തെ കൊണ്ടുപോയിരുന്നു.മണിക്കൂറുകൾക്കിടെ മൃതദേഹത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാകാം കണ്ണുതുറക്കാൻ കാരണമായതെന്നു ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. എന്നാൽ, കയ്യിൽ മുറുകെപ്പിടിക്കുക തന്നെ ചെയ്തെന്നാണ് മിനി പറഞ്ഞത്.
രമണന്റെ ഭാര്യ: വിശാലാക്ഷി. മക്കൾ: അനിൽകുമാർ (ദുബായ്), വിജി. മരുമക്കൾ: ജിഷ, രമേഷ്.
മറുനാടന് മലയാളി ബ്യൂറോ