കോതമംഗലം: 101-ാം ജന്മദിനത്തിന് രണ്ട് ദിവസങ്ങൾ ശേഷിക്കെ പ്രശസ്ത ഗ്രന്ഥകാരനും സാമൂഹിക പരിഷ്‌കർത്താവുമായ സാധു ഇട്ടിയവിര (101) നിര്യാതനായി. കോതമംഗലം ഇരമലപ്പടി പെരുമാട്ടിക്കുന്നേൽ ജീവജ്യോതിയിലായിരുന്നു താമസം.സംസ്‌കാരം നാളെ 4 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ.

ഭാര്യ ലാലിക്കുട്ടി തിരുവല്ല മണലേൽ കുടുംബാംഗം. മകൻ: ജിജോ ഇട്ടിയവിര (അദ്ധ്യാപകൻ, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ, കോതമംഗലം) മരുമകൾ: ജെയ്‌സി ജോസ് വാമറ്റം,ബെസ്ലഹം. മലയാളത്തിലും ഇംഗ്ലീഷിലുമായി 150 ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങളിലായി ആറായിരത്തിലേറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.വിദേശ രാജ്യങ്ങളിൽ അടക്കം അൻപതിനായിരത്തോളം പ്രസംഗങ്ങളും നടത്തിയിട്ടുണ്ട്.

മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അന്തർദ്ദേശീയ ബഹുമതിയായ ആൽബർട്ട് ഷെയിറ്റ്‌സർ അവാർഡ്, അൽബേറിയൻ ഇന്റർനാഷണൽ അവാർഡ്, ദർശന, ബിഷപ്പ് മങ്കുഴിക്കരി, ബിഷപ്പ് വയലിൽ തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജന്മശതാബ്ദിയോടനുബന്ധിച്ച് സീറോ മലബാർ സഭ ഫാമിലി ആൻഡ് ലെയ്റ്റി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഭവനത്തിലെത്തി സാധു ഇട്ടിയവിരയെ ആദരിച്ചിരുന്നു.