- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബി കാട്ടാമ്പള്ളി അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ സിബി കാട്ടാമ്പള്ളി (ജോർജ് തോമസ്, 63) അന്തരിച്ചു. മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്റർ ആയിരുന്നു. രാവിലെ 11.30 ഓടെ കോസ്മോപൊളിറ്റൻ ആശുപത്രിയിലായിരുന്നു അന്ത്യം.4.30 മുതൽ 5.30 വരെ പ്രസ് ക്ലബിൽ പൊതുദർശനം. 5.30ന് വട്ടിയൂർക്കാവ് തോപ്പുമുക്കിലെ വീട്ടിലേക്ക് കൊണ്ടു പോകും. വെള്ളിയാഴ്ചയാണ് സംസ്കാരം
പ്രസ് ക്ലബ് ഐ ജെ ടി ഡയറക്ടർ ആയിരുന്നു. മാധ്യമപ്രവർത്തന മികവിന് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്നു. ഭാര്യ: കൊച്ചുറാണി ജോർജ്. മക്കൾ: അമ്മു ജോർജ് (അയർലൻഡ്), തോമസ് ജോർജ്. മരുമകൻ: അരുൺ പുളിക്കൻ. സംസ്കാരം പിന്നീട്.
മലയാള മനോരമയിൽ 38 വർഷം പത്രപ്രവർത്തകനായിരുന്ന അദ്ദേഹം റിപ്പോർട്ടിങ്ങിലും ന്യൂസ് ഡസ്കിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. മനോരമയുടെ വിവിധ യൂണിറ്റുകളിൽ, വിവിധ തസ്തികകളിൽ പ്രവർത്തിച്ചിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിറ്റിൽനിന്ന് അസിസ്റ്റന്റ് എഡിറ്ററായി 2020 ൽ വിരമിച്ചു.
കേരള രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ, ഇടുക്കി ജില്ലയിലെ തങ്കമണിയിൽ പൊലീസ് നടത്തിയ അതിക്രമങ്ങൾ പുറംലോകത്തെ അറിയിച്ചത് സിബി കാട്ടാമ്പള്ളിയാണ്. രാഷ്ട്രീയം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിൽ ശ്രദ്ധേയമായ നിരവധി റിപ്പോർട്ടുകൾ അദ്ദേഹമെഴുതിയിട്ടുണ്ട്. ഗ്രാമീണ റിപ്പോർട്ടിങ്ങിനുള്ള സ്റ്റേറ്റ്സ്മാൻ പുരസ്കാരം രണ്ട് തവണ നേടി.
അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള ലാഡ്ലി മീഡിയ ദേശീയ അവാർഡ്, ഫ്രാൻസിലെ ക്ലബ് ഓഫ് പ്രസ് ആൻഡ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ഏർപ്പെടുത്തിയ ഫ്രഞ്ച് ഫ്രീഡം പ്രൈസ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയ അദ്ദേഹം യൂറോപ്യൻ കമ്മിഷന്റെ ലൊറൻസോ നടാലി ഇന്റർനാഷനൽ പ്രൈസ് നേടിയ ഏക ദക്ഷിണേന്ത്യൻ പത്രപ്രവർത്തകൻ, സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയും റോയിട്ടേഴ്സ് ഫൗണ്ടേഷനും ചേർന്നു നൽകുന്ന ജോൺ എസ്. നൈറ്റ് ഫെലോഷിപ്പ് നേടിയ കേരളത്തിൽ നിന്നുള്ള ഏക പത്രപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനാണ്.