ഇടുക്കി: അയ്യപ്പൻ കോവിന് സമീപം തോണിതടിയിൽ പെരിയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചപ്പാത്ത് പച്ചക്കാട് സ്വദേശി ബിബിൻ ബിജു, റാന്നി സ്വദേശി നിഖിൽ പി.എസ് എന്നിവരാണ് മുങ്ങി മരിച്ചത്. ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് സമീപത്തെ

കൃഷിയിടത്തിൽ ഉണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതും വിഫലമായി.

അയ്യപ്പൻകോവിൽ തോണിത്തടി പമ്പ് ഹൗസിനു സമീപം പെരിയാറ്റിലാണ് പ്ലസ് ടു പരിക്ഷ കഴിഞ്ഞു നിൽക്കുന്ന വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്. ഇരുവരും എസ്എസ്എൽസി വരെ ഒരുമിച്ച് പഠിച്ചവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലത്തിനായി കാത്തിരിക്കുമ്പോഴായിരുന്നു ദാരുണമായ വിധി.

മരണപെട്ട നിഖിൽ റാന്നി സ്വദേശിയാണ്, നിഖിലിന്റെ പിതാവിന്റെ സഹോദരൻ മേരികുളം പുല്ലുമേട് ശങ്കരഗിരി കപ്പലുമാക്കൽ കൊച്ചുമോന്റെ വീട്ടിൽ നിന്നാണ് നിഖിൽ പഠനം നടത്തിയിരുന്നത്. മേരികുളം സെന്റ് മേരിസ് സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു. ചപ്പാത്ത് പച്ചക്കാട് സ്വദേശിയാണ് നടുപറമ്പിൽ ബിബിൻ ബിജു. മുരിക്കാട്ടുകുടി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു.

ഉപ്പുതറ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിബിന്റെ പിതാവിനെ കണ്ട ശേഷം, ബിബിനും സുഹൃത്തായ നിഖിലും തിരിച്ചു മടങ്ങും വഴിയാണ് തോണിത്തടിയിൽ ബസ് ഇറങ്ങി നടന്ന് പമ്പ് ഹൗസിന്റെ സമീപത്തെ കയത്തിൽ കുളിക്കുന്നതിനായി ഇറങ്ങിയത്. വഴിയിലൂടെ പോയ ഒരു വ്യക്തി, കയത്തിൽ നാല് കൈകൾ മുങ്ങിപ്പോങ്ങുന്നതുകണ്ട് ബഹളം വയ്ക്കുകയും തുടർന്ന് സമീപത്തെ പറമ്പിൽ ഉണ്ടായിരുന്നവർ ഓടി എത്തി ഇരുവരെയും കയത്തിൽ നിന്ന് കരക്കെടുക്കുകയുമായിരുന്നു. എന്നാൽ മരണം സംഭവിച്ചിരുന്നു.