- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടയ്ക്ക വാദ്യകലാകാരൻ തിച്ചൂർ മോഹനൻ അന്തരിച്ചു; വിട പറഞ്ഞത് തൃശൂർ പൂരത്തിൽ അടക്കം പഞ്ചവാദ്യത്തിന് ഇടയ്ക്ക പ്രമാണി ആയിരുന്ന കലാകാരൻ; സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ്
തൃശ്ശൂർ: ഇടയ്ക്കയിലെ കുലപതി തിച്ചൂർ മോഹനൻ (64) വിടവാങ്ങി. തൃശൂർ പൂരം അടക്കമുള്ള പ്രശസ്ത ഉത്സവങ്ങളിൽ പഞ്ചവാദ്യത്തിന് ഇടയ്ക്ക പ്രമാണിയായിരുന്നു. സംഗീത നാടക അക്കാദമി പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. തിച്ചൂർ മാരാത്ത് വീട്ടിൽ പരേതരായ ഗോവിന്ദൻകുട്ടി പൊതുവാളിന്റെയും ലക്ഷ്മിക്കുട്ടി പൊതുവാരസ്യാരുടെയും മകനായ മോഹനൻ ചെറുപ്പത്തിൽതന്നെ വാദ്യകലയിൽ ആകൃഷ്ടനായിരുന്നു. അമ്മാവനായിരുന്നു ആദ്യ ഗുരു.
തുടർന്ന് വീടിന് സമീപത്തെ തിച്ചൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ അടിയന്തിരക്കാരനായി. ഇടയ്ക്കയിൽ തിച്ചൂർ അയ്യപ്പസ്വാമിയാണ് ഗുരു എന്ന് തിച്ചൂർ മോഹനൻ പറഞ്ഞിരുന്നു. ഒമ്പതാം വയസ്സു മുതൽ വരവൂർ കുട്ടൻ നായരുടെ ശിക്ഷണത്തിൽ ചെണ്ടയിൽ ഔപചാരിക പഠനം ആരംഭിച്ചു.
തിമിലയിൽ വെള്ളിതിരുത്തി കൃഷ്ണൻകുട്ടി നായർ, പൂക്കാട്ടിരി ദിവാകര പൊതുവാൾ എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചു. 17ാം വയസ്സു മുതൽ ഉത്സവങ്ങളിൽ പഞ്ചവാദ്യത്തിൽ ഇടയ്ക്ക പ്രമാണിയായി. തിരുവില്വാമല ഹരി, പെരിങ്ങോട് സുബ്രഹ്മണ്യൻ, ശ്രീധരൻ എന്നിവരടക്കം നിരവധി പേർ ശിഷ്യന്മാരാണ്. ഭാരതോത്സവ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലും നിരവധി വിദേശ രാജ്യങ്ങളിലും പരിപാടികൾ അവതരിപ്പിച്ചു.
ഗുരുവായൂർ ഏകാദശിയുടെ മുന്നോടിയായി നടന്ന വിളക്കിനാണ് അവസാനമായി കൊട്ടിയത്. ഭാര്യ: വിജയലക്ഷ്മി. മകൻ: കാർത്തികേയൻ (ബഹ്‌റൈൻ). സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്കു ശേഷം മൂന്നിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.
മറുനാടന് മലയാളി ബ്യൂറോ