ദുബായ്: കാമുകനെ കൊലപ്പെടുത്തിയ കാമുകി ഭക്ഷണമാക്കി വിളമ്പിയ കേസിൽ വിശദീകരണവുമായി അബുദാബി പൊലീസ്. ദേഷ്യം വന്ന മൊറോക്കൻ യുവതി കാമുകനെ കൊലപ്പെടുത്തിയെന്നത് ശരിയാണ്. എന്നാൽ യാഥാർത്ഥ്യത്തേക്കാൾ ഭീകരമായ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നതെന്നും അബുദാബി പൊലീസ് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. എന്നാൽ കേസ് നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാവില്ല.ഇത്തരം റിപ്പോർട്ടുകൾ ഇപ്പോൾ നടക്കുന്ന നടപടികളെ ബാധിക്കും. കേസ് കോടതിയുടെ പരിഗണനയിലാണെന്നും പൊലീസ് അധികൃതർ അറിയിച്ചു.

കാമുകനെ കൊലപ്പെടുത്തിയ ശേഷം യുവതി ശരീര ഭാഗങ്ങൾ മാച്ച് ബൂസാക്കി ജോലിക്കാർക്ക് വിളമ്പി എന്നാണ് അറബ് മാധ്യമങ്ങളിൽ അഠക്കം വാർത്ത വന്നത്. സോഷ്യൽ മീഡിയയിലും ഇക്കാര്യം വളരെ ഭീകരമായ രീതിയിലാണ് പ്രചരിച്ചത്. എന്നാൽ ഈ റിപ്പോർട്ടുകൾ ശരിയല്ല. ഇക്കാര്യം യുവതിയും നിഷേധിച്ചുവെന്ന് കേസ് അന്വേഷിക്കുന്ന സംഘത്തിലെ അബുദാബി പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മൊറോക്കൻ സ്വദേശിനിയായ കാമുകിയാണ് ഇതേനാട്ടുകാരനായ കാമുകനെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അതിക്രൂരമായ വാർത്തകളായിരുന്നു അറബ് മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ റിപ്പോർട്ട് ചെയ്തിരുന്നത്.

ഇരുവരും തമ്മിലുണ്ടായ തർക്കമാണ് യുവാവിന്റെ മരണത്തിൽ കലാശിച്ചത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും ആയ യുവതി കഴിഞ്ഞ പത്ത് വർഷമായി യുഎഇയിലാണ് താമസം. മക്കൾ ഭർത്താവിനൊപ്പം നാട്ടിലാണ്. യുഎഇയിൽ എത്തിയ ശേഷം എഴു വർഷമായി സ്വന്തം നാട്ടുകാരനായ ഈ യുവാവുമായി പ്രണയത്തിലാവുകയായിരുന്നു. അടുത്തടുത്ത കടകളിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. സംഭവം നടന്ന ദിവസം ഇരുവരും സുഹൃത്തുക്കളുമായി കറങ്ങാൻ പോയിരുന്നു.  പുലർച്ചെ മൂന്നു മണിയോടെ യുവതിയെ തിരികെ വീട്ടിലെത്തിച്ചതും കാമുകൻ തന്നെയാണ്.

തുടർന്ന് ഉച്ചയോടെ വീണ്ടും യാത്രപോകാൻ കാമുകൻ യുവതിയെ വിളിച്ചെങ്കിലും അവർ അതിനു സമ്മതിച്ചില്ല. മറ്റൊരു ഫ്‌ളാറ്റിലേക്കു താമസം മാറുന്നതിന്റെ തിരക്കിലായിരുന്ന യുവതി വീട്ടുസാധനങ്ങൾ മാറ്റുന്നതിനു തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ കാമുകൻ യുവതിയെ അടിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും തല മേശയിൽ ഇടിപ്പിക്കുകയും ചെയ്തതായി അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തുടർന്നുണ്ടായ ദേഷ്യത്തിൽ യുവതി സമീപത്തുണ്ടായിരുന്ന കത്തിയെടുത്ത് കാമുകന്റെ നെഞ്ചിൽ കുത്തുകയായിരുന്നു എന്ന് അഭിഭാഷകൻ വാദിച്ചു. തന്റെ കക്ഷിക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.

എന്നാൽ മാധ്യമങ്ങളിലൂടെ ആ ക്രൂരത പുറത്തറിഞ്ഞത് ഇങ്ങനെ, യുവാവിന്റെ അജ്മാനിലുള്ള സഹോദരൻ അന്വേഷിച്ചു വന്നതോടെയാണു സംഭവം പുറംലോകം അറിയുന്നത്. മൂന്നു മാസം മുൻപ് കാമുകൻ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടതോടെ ഇരുവരും തമ്മിൽ തെറ്റുകയും താമസിച്ചിരുന്ന ക്വാർട്ടഴ്‌സിൽ നിന്നു ഇയാളെ പുറത്താക്കിയെന്നും കാമുകി പറഞ്ഞു. എന്നാൽ, സംശയം തോന്നിയതിനെത്തുടർന്നു വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. ഇതിലാണ് നിർണായകമായ കാര്യങ്ങൾ പുറത്തറിഞ്ഞത്.