ബെംഗളൂരു: തന്റേതെന്ന തരത്തിൽ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സദാനന്ദ ഗൗഡ പൊലീസിൽ പരാതി നൽകി. രാഷ്ട്രീയ ലക്ഷ്യത്തോടെ വ്യാജമായി നിർമ്മിച്ച വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്ന് ബെംഗളൂരുവിലെ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ആരോപിച്ചു.

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ അശ്ലീല വീഡിയോയിൽ ഉള്ളത് താനല്ലെന്ന് അഭ്യുദയകാംഷികളെ അറിയിക്കുന്നുവെന്ന് സദാനന്ദ ഗൗഡ പറഞ്ഞു. തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തന്റെ രാഷ്ട്രീയ വളർച്ചയിൽ അസ്വസ്ഥത ഉള്ളവരാണ് വ്യാജ വീഡിയോ തയ്യാറാക്കി പ്രചരിപ്പിക്കുന്നതെന്ന് സദാനന്ദ ഗൗഡ ആരോപിച്ചു. തന്റെ തകർച്ച ലക്ഷ്യമിട്ടാണ് വ്യാജ അശ്ലീല വീഡിയോ തയ്യാറാക്കി പ്രചരിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ വൈറലായത് തന്നെ അസ്വസ്ഥനാക്കിയെന്നും ഗൗഡ പറഞ്ഞു.

സദാനന്ദഗൗഡ എംപിയുടെ പ്രതിച്ഛായ മോശമാക്കാൻ ലക്ഷ്യമിട്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ വീഡിയോ പ്രചരിപ്പിക്കുന്നത് ഉടൻ തടയണമെന്നും വ്യാജ വീഡിയോ നിർമ്മിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.

മുൻകേന്ദ്രമന്ത്രി ഒരു സ്ത്രീയുമായി വീഡിയോ കോൾ ചെയ്യുന്നതിന്റെ വീഡിയോ നേരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചുവെന്ന് ഐഎഎൻഎസ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. വിഷയത്തിൽ ബംഗളൂരു പൊലീസ് കമ്മീഷണർ, ഡിസിപി എന്നിവർക്കും പരാതി നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു