മലപ്പുറം: ക്രിപ്‌റ്റോ കറൻസിയായ മോറിസ് കോയിന്റെ പേരിൽ നടത്തിയ 1365 കോടിയുടെ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ മലപ്പുറം സ്വദേശിയുടെ പേരിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ്. സൗദിയിലേക്ക് കടന്നുവെന്നു കരുതുന്ന പൂക്കോട്ടുംപാടം അമരമ്പലം തോട്ടക്കരയിലെ നിഷാദിനെതിരേയാണ് (37) നോട്ടീസ് പുറപ്പെടുവിക്കുക.

മോറിസ് ക്രിപ്‌റ്റോ കറൻസി ഇന്ത്യയിൽ വിനിമയം നടത്താൻ അനുമതി ഉടൻ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കേരളത്തിലെ മോറിസ് കോയിൻ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ നിഷാദും സംഘവും കൂടുതൽ പണം കീശയിലാക്കിയത്. പൊതു സ്വീകാര്യതയുള്ളവർക്ക് ഒപ്പമുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചും സാധാരണക്കാരുടെ വിശ്വാസം നേടി. കോവിഡ് കാലത്ത് തമിഴ്‌നാട്ടിലും കമ്പനി വ്യാപകമായ തട്ടിപ്പാണ് നടത്തിയത്.

അമേരിക്കൻ എക്‌സ്‌ചേഞ്ചിന്റെ പട്ടികയിൽ മോറിസ് കോയിനെ ചേർത്തുവെന്ന് അമേരിക്കയുടെ സാമ്പത്തിക രംഗത്തെ പ്രധാനി പറയുന്നതുപോലെ നാടകമുണ്ടാക്കി പ്രചരിപ്പിച്ച ശേഷമാണ് ഇന്ത്യയും ക്രിപ്‌റ്റോ കറൻസിക്ക് അംഗീകാരം നൽകുന്നുവെന്ന വാചകക്കസർത്ത് നടത്തിയത്. രാജ്യത്തെ കടകളിലെല്ലാം മോറിസ് കോയിൻ വിനിമയം നടത്താൻ ഉടൻ അനുമതി ആകുമെന്നായിരുന്നു പ്രചാരണം.

മോറിസ് കോയിനിൽ നിക്ഷേപിച്ചാൽ വൻലാഭം കിട്ടുമെന്നു വിശ്വസിപ്പിച്ചാണ് നിഷാദും കൂട്ടരും തട്ടിപ്പ് നടത്തിയത്. കേസിൽ ഒട്ടേറെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നും അന്വേഷണം എളുപ്പമല്ലെന്നും പൊലീസ് പറയുന്നു.

മണി ചെയിൻ മാതൃകയിൽ നിരവധി പേർ പണം നിക്ഷേപിച്ച സംഭവമാണിത്. നിഷാദിനെതിരേ 2020 സെപ്റ്റംബർ 28-ന് പൂക്കോട്ടുംപാടം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. രണ്ടുമാസത്തിനുശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഒരു പരാതിയിലുള്ള കേസായതിനാൽ വിപുലമായ അന്വേഷണം നടന്നില്ല.

ഇങ്ങനെ തട്ടിയ കോടികളിൽ നല്ലൊരു ഭാഗം വിദേശത്ത് എത്തിച്ചു. ഹവാല മാർഗമാണ് പണം കടത്തിയതെന്നാണ് സൂചന. പിന്നാലെ നിഷാദ് ഗൾഫിലേക്ക് കടന്നു. തമിഴ്‌നാട്ടിൽ നിന്നു പോലും അൻപതിനായിരത്തിൽ അധികം പേർക്ക് പണം നഷ്ടമായിട്ടുണ്ട്. മോറിസ് കോയിന്റെ പേരിൽ അഞ്ചു കോടി രൂപ വരെ നഷ്ടമായവർ കൂട്ടത്തിലുണ്ട്.

സംശയകരമായ ബാങ്കിടപാട് നടത്തുന്നവരുടെ പട്ടിക (സസ്പീഷ്യസ് ട്രാൻസാക്ഷൻ റിപ്പോർട്ട്-എസ്.ആർ.ടി.) അടുത്തിടെ കേന്ദ്ര സാമ്പത്തിക രഹസ്യാന്വേഷണവിഭാഗം (എഫ്.ഐ.യു.) കേരള പൊലീസിന് കൈമാറി. അതനുസരിച്ച് കണ്ണൂർ പൊലീസ് നടത്തിയ അന്വേഷണമാണ് തട്ടിപ്പിന്റെ ആഴം വെളിവാക്കിയത്. ആളുകൾ പണം നിഷേപിച്ചത് 45 അക്കൗണ്ടിലേക്കാണെന്നും അവിടുന്നത് ആറ് അക്കൗണ്ടുകളിലേക്ക് പോയെന്നും കണ്ണൂർ പൊലീസ് കണ്ടെത്തി. ഈ ആറ് അക്കൗണ്ടുകളും പല പേരിൽ നിഷാദാണ് കൈകാര്യം ചെയ്തിരുന്നത്.

ഇന്റർനെറ്റ് മണി പേയ്‌മെന്റ് ഗേറ്റ്‌വേ വഴിയാണ് ആളുകൾ പണം നിക്ഷേപിച്ചത്. ആദ്യം നിഷേപിച്ചവർക്ക് വൻ തുക കിട്ടി. അതുകണ്ട് കൂടുതൽ പേർ ചേർന്നു. ലോൺറിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ബെംഗളൂരു കമ്പനിയുടെ എം.ഡി.യെന്നാണ് നിഷാദ് ഇടപാടുകാരെ വിശ്വസിപ്പിച്ചത്. പക്ഷേ, ഇങ്ങനെ കമ്പനി രജിസ്റ്റർ ചെയ്തിട്ടില്ല. ഒരു മുറി ബെംഗളൂരുവിൽ വാടകയ്‌ക്കെടുക്കുകയും അതിന്റെ പേരിൽ ജി.എസ്.ടി. രജിസ്ട്രേഷൻ നേടുകയും ചെയ്തു. ഒരു മാസത്തിനുശേഷം മുറിയൊഴിഞ്ഞു. എന്നാൽ ജി.എസ്.ടി. രജിസ്ട്രേഷൻ നമ്പർ ഇടപാടുകൾക്കുപയോഗിച്ചു.

ഈ അക്കൗണ്ടിലൂടെ കോടിക്കണക്കിനു രൂപയുടെ ഇടപാടുകൾ നടക്കുന്നതുകണ്ടാണ് എഫ്.ഐ.യു. കേരള പൊലീസിന് വിവരം നൽകിയത്. അവസാനം പണമെത്തിയ ആറ് അക്കൗണ്ടുകളിലൊന്നിൽ 34 കോടിയുണ്ടായിരുന്നു. അത് മരവിപ്പിച്ചിട്ടുണ്ട്. ആ തുക തട്ടിപ്പിനിരയായവർക്ക് നൽകാൻ പൊലീസ് സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്.