തിരുവനന്തപുരം: ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച്. വൈശാഖിന്റെ ഭൗതികദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കെ എൻ ബാലഗോപാൽ അന്തിമോപചാരം അർപ്പിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ, കൊടിക്കുന്നിൽ സുരേഷ് എംപി , സേനാ അംഗങ്ങൾ അടക്കം പ്രമുഖർ വിമാനത്താവളത്തിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.



ജില്ലാ കളക്ടർ, സൈനിക ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി പാങ്ങോട് സൈനിക ക്യാമ്പിൽ എത്തിച്ചു. കൊല്ലം ഓടനാവട്ടം കുടവട്ടൂരിലെ വീട്ടുവളപ്പിൽ വ്യാഴാഴ്ചയാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. രാവിലെ 9.30 ന് കുടവട്ടൂർ എൽപിഎസിൽ പൊതുദർശനത്തിനുവയ്ക്കും.

കേണൽ മുരളി ശ്രീധരൻ സേനയെ പ്രതിനിധീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി. പാങ്ങോട് ക്യാമ്പിലെ അഡ്‌മിൻ കമാൻഡറാണ് മുരളി ശ്രീധരൻ. ഇദ്ദേഹത്തിൽ നിന്നും വൈശാഖിന്റെ പിതാവിന്റെ ജ്യേഷ്ഠന്റെ മകൻ മിഥുൻ ഭൗതിക ദേഹം ഏറ്റുവാങ്ങി. മൃതദേഹം പാങ്ങാട് മിലിട്ടറി ക്യാമ്പിൽ സൂക്ഷിച്ച ശേഷം വ്യാഴാഴ്ച രാവിലെയായിരിക്കും ജന്മനാടായ കൊല്ലത്തേയ്ക്ക് എത്തിക്കുക.

തിങ്കളാഴ്‌ച്ച പുലർച്ചെയാണ് വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികർ പൂഞ്ചിൽ വീരമൃത്യുവരിച്ചത്. പൂഞ്ചിലെ സേവനം അവസാനിക്കാൻ രണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് വീരമൃത്യു. നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു വീരമൃത്യു വരിച്ച ജവാൻ എച്ച് വൈശാഖ്.

കുടവട്ടൂർ വിശാഖത്തിൽ ഹരികുമാർ-ബീനകുമാരി ദമ്പതിമാരുടെ മകനായ വൈശാഖ് നാലുവർഷം മുമ്പാണ് കരസേനയിൽ ചേർന്നത്. മറാഠ റെജിമെന്റിൽ ആയിരുന്നു. ഏഴുമാസം മുമ്പാണ് പഞ്ചാബിൽനിന്ന് കശ്മീരിൽ എത്തിയത്. രണ്ടുമാസംമുമ്പ് അവധിക്ക് വീട്ടിൽ വന്നിരുന്നു. ശിൽപ സഹോദരിയാണ്.

24 കാരനായ വൈശാഖിന്റെ സ്വപ്നമായിരുന്ന വീട് യാഥാർത്ഥ്യമായത് 6 മാസങ്ങൾക്ക് മുമ്പാണ്. വൈശാഖ് 2 മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്.

ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് പൂഞ്ച് ജില്ലയിലെ സുരൻഖോട്ട് മേഖലയിലെ ഗ്രാമങ്ങളിൽ നടത്തിയ തിരച്ചിലിനിടയാണ് ഏറ്റുമുട്ടൽ ഉണ്ടായതും വൈശാഖ് അടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചതും.

പൂഞ്ചിലെ വനമേഖലയിൽ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് ഭീകരർ ഈ മേഖലയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു. വൈശാഖിനെ കൂടാതെ ജൂനീയർ കമ്മീഷൻഡ് ഓഫീസർ ജസ് വീന്ദ്രർ സിങ്, നായിക് മൻദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജൻ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികർ.