ഡബ്ലിൻ: പ്രധാന മോർട്ട്‌ഗേജ് ലെൻഡർമാർ തമ്മിലുള്ള പോരു മുറുകുന്നതോടെ ഉപയോക്താക്കൾക്ക് ആയിരക്കണക്കിന് യൂറോയുടെ ലാഭം കൊയ്യാൻ അവസരമൊരുങ്ങുന്നു. മെച്ചപ്പെട്ട ഡീലുകൾ നോക്കി മോർട്ട്‌ഗേജ് സ്വിച്ച് ചെയ്യുന്നവർക്ക് ഒട്ടേറെ ആനുകൂല്യങ്ങളാണ് ഇതുവഴി കൈവരുന്നത്. വർഷത്തിലെ ആദ്യത്തെ ആറു മാസത്തിനിടെ പല പ്രധാന ബാങ്കുകളും പലിശ ഇളവ് വരുത്തിയത് ഇതിനോടകം ആയിരത്തിലേറെ യൂറോയുടെ ലാഭം പലർക്കും ഉണ്ടായിട്ടുണ്ട്.

അടുത്തകാലത്ത് എഐബി പലിശ നിരക്കിൽ ഇളവു പ്രഖ്യാപിച്ചതിനു പിന്നാലെ മറ്റു ബാങ്കുകളും മത്സരിച്ച് ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം തന്നെ ഇതു മൂന്നാം തവണയാണ് എഐബി പലിശ നിരക്കിൽ ഇളവു പ്രഖ്യാപിക്കുന്നത്. ഈ മാസം ആദ്യം തന്നെ 0.25 ശതമാനം ഇളവാണ് എഐബി വേരിയബിൾ റേറ്റ് മോർട്ട്‌ഗേജിൽ പ്രഖ്യാപിച്ചത്. ഇതിന്റെ 156,000 ഉപയോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭ്യമായിക്കഴിഞ്ഞു. ഇതിനു പിന്നാലെയാണ് മറ്റു ബാങ്കുകളും എഐബിയുടെ വെട്ടിച്ചുരുക്കലിനോട് മത്സരിക്കാൻ എത്തുന്നത്.

നിലവിൽ 4.5 ശതമാനം വേരിയബിൾ റേറ്റ് ഉള്ള ബാങ്ക് ഓഫ് അയർലണ്ടും ഈ വർഷം ആദ്യം ഇതിന്റെ കാഷ്ബാക്ക് ഓഫർ ഇരട്ടിയാക്കുകയായിരുന്നു. ഫസ്റ്റ് ടൈം ബയേഴ്‌സിനും സ്വിച്ചിങ് കസ്റ്റമേഴ്‌സിനുമായിരുന്നു ഇതിന്റെ പ്രധാന പ്രയോജനം ലഭ്യമായിരുന്നത്. ആയിരക്കണക്കിന് യൂറോയുടെ ലാഭം ഇതുവഴി ഉപയോക്താക്കൾക്ക് ഉണ്ടാകുകയും ചെയ്തു. ബാങ്ക് ഓഫ് അയർലണ്ടിനു പിന്നാലെ എഐബിയുടെ പാത പിന്തുടർന്ന് അൾസ്റ്റർ ബാങ്കും കെബിസിയും പെർമനന്റ്ടിഎസ്ബിയും കൂടുതൽ ഇളവുകൾ മോർട്ട്‌ഗേജുകൾക്ക് പ്രഖ്യാപിച്ചു.
നിലവിൽ ഒട്ടുമിക്ക ബാങ്കുകളുടേയും മോർട്ട്‌ഗേജുകൾക്ക് മെച്ചപ്പെട്ട ഡീലുകളാണ് നിലനിൽക്കുന്നത്. തങ്ങൾക്ക് അനുയോജ്യമായ ഡീലുകൾ നോക്കി തെരഞ്ഞെടുക്കുകയാണെങ്കിൽ ആയിരക്കണക്കിന് യൂറോയുടെ ലാഭം ഇതു നേടിത്തരുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.