ഡബ്ലിൻ: അയർലണ്ടിലെ ഉയർന്ന മോർട്ട്‌ഗേജ് നിരക്കുകൾ സമീപ ഭാവിയിൽ പകുതിയായി കുറഞ്ഞേക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. യൂറോപ്യൻ യൂണിയനിൽ ഇതുസംബന്ധിച്ച് ഏകീകൃത നയം കൊണ്ടുവന്നാൽ അയർലണ്ടിലെ മോർട്ട്‌ഗേജ് നിരക്കുകൾ കുത്തനെ ഇടിയുമെന്നാണ് പറയുന്നത്.

നിലവിൽ യൂറോപ്യൻ യൂണിയനിൽ മോർട്ട്‌ഗേജ് നിരക്കുകൾ ഉയർന്നു നിൽക്കുന്ന രാജ്യം അയർലണ്ട് ആണ്. മാത്രമല്ല, നിലവിലുള്ള വ്യവസ്ഥകൾ മൂലം രാജ്യത്തിനു പുറത്തുള്ള മറ്റു ബാങ്കുകളിൽ നിന്ന് ലോണുകൾ എടുക്കാൻ പറ്റാത്ത അവസ്ഥയാണു താനും.  ഇവയ്ക്കു പരിഹാരമായിട്ട്  ലെൻഡിങ് മാർക്കറ്റ്  യൂറോപ്യൻ യൂണിയനിലെങ്ങും ഓപ്പൺ ചെയ്യാനാണ് യൂറോപ്യൻ കമ്മീഷൻ പദ്ധതിയിടുന്നത്. മോർട്ട്‌ഗേജ് ലെൻഡിംഗിന് യൂറോപ്യൻ യൂണിയനിൽ ഏകീകൃത നയം വന്നാൽ പിന്നീട് മോർട്ട്‌ഗേജുകൾ, ഡെപ്പോസിറ്റുകൾ, ഇൻഷ്വറൻസ് എന്നീ മേഖലകളിൽ മത്സരത്തിന് വഴിയൊരുങ്ങുകയും ചെയ്യും. ഇത് അയർലണ്ട് മോർട്ട്‌ഗേജ് വിപണിയിൽ നിരക്ക് ഇടിയാനും കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.

ഏകീകൃത നയം സംബന്ധിച്ച് അടുത്ത സമ്മറിൽ പദ്ധതി കൊണ്ടുവരാനാണ് യൂറോപ്യൻ കമ്മീഷൻ ആലോചിക്കുന്നത്. പദ്ധതിയെ സാമ്പത്തിക രംഗത്തുള്ളവർ സ്വാഗതം ചെയ്തിട്ടുണ്ട്. നിലവിൽ അയർലണ്ടിൽ വേരിയബിൾ മോർട്ട്‌ഗേജിന് ശരാശരി 4.18 ശതമാനം എന്നുള്ളതാണ്  നിരക്ക്. യൂറോസോണിലുള്ളതിനെക്കാൾ ഇരട്ടിയോളമാണിത്.  ജർമനിയിലോ ഫ്രാൻസിലോ ആകട്ടെ ലോംഗ് ടേം ഫിക്‌സഡ് ഇന്ററസ്റ്റ് മോർട്ട്‌ഗേജ് മൂന്നു ശതമാനത്തിൽ താഴെയുള്ള നിരക്കിന് ലഭ്യമാകുകയും ചെയ്യും. അയർലണ്ടും യൂറോപ്യൻ യൂണിയൻ അംഗമായിരിക്കെ ഫ്രാൻസിലേയും ജർമനിയിലേയും നിരക്കു പോലെ തന്നെ ഇവിടെയുള്ളവർക്കും ലഭ്യമാകണമെന്നാണ് പൊതുവേയുള്ള ആവശ്യം.