സുന്നിയും ഷിയായുമായി പിരിഞ്ഞ് ഇസ്ലാമിക ലോകത്തിൽ ചോരപ്പുഴയൊകുന്ന ഇക്കാലത്ത് ജർമനിയിലെ ഇബ്ൻ റുഷ്ദ്-ഗെയ്‌ഥെ മോസ്‌ക് മാതൃകയാണ്. ഏതുതരത്തിലുള്ള മുസ്ലീങ്ങൾക്കും ഇവിടെ വരാം. പുരുഷനോ സ്ത്രീയോ സുന്നിയോ ഷിയായോ സ്വവർഗപ്രേമിയോ എന്നിങ്ങനെ ഒരുതരത്തിലുള്ള വേർതിരിവുകളും ഇവിടെയില്ല. ഇതിനൊക്കെ അപ്പുറം ലോകത്തെ ആദ്യത്തെ സ്വതന്ത്ര മോസ് സ്ഥാപിച്ചിരിക്കുന്നത് ഒരു ക്രിസ്ത്യൻ പള്ളിക്കുള്ളിലാണെന്നതാണ് സവിശേഷത.

ബെർലിനിലാണ് ഈ ലിബറൽ മോസ്‌ക്. ഷിയാകൾക്കും സുന്നികൾക്കും ഒരുമിച്ച് പ്രാർത്ഥന നടത്താമെന്നതുമാത്രമല്ല, സ്ത്രീകളെ ശിരോവസ്ത്രണമണിയണമെന്നും ആരും നിർബന്ധിക്കില്ല. എട്ടുവർഷമായി ജർമനിയിലെ മുസ്ലീങ്ങൾക്ക് ഒന്നിച്ചിരുന്ന് പ്രാർത്ഥിക്കാനൊരിടതത്തിനായി പരിശ്രമിച്ചുകൊണ്ടിരുന്ന വനിതാവകാശ പ്രവർത്തക സെയ്‌റാൻ ആറ്റ്‌സിന്റെ വിജയം കൂടിയാണീ ആരാധനാലയം.

ഇസ്ലാമിന്റെ പേരിൽ ലോകത്തെമ്പാടുമായി നടക്കുന്ന കൂട്ടക്കുരുതികളും ഭീകരപ്രവർത്തനവും മനസ്സുമടുപ്പിച്ചപ്പോഴാണ് സെയ്‌റാൻ ഈ രീതിയിൽ ചിന്തിച്ചുതുടങ്ങിയത്. പുരോഗമന വാദികളും സ്വാതന്ത്ര്യ മോഹികളുമായ മുസ്ലിം സമൂഹത്തിന് അഭിമാനത്തോടെ ചൂണ്ടിക്കാട്ടാൻ ഒരു ആരാധനാലയം വേണമെന്ന് അവർ തീരുമാനിച്ചു. സെയ്‌റാനാണ് മോസ്‌കിൽ പ്രാർത്ഥനകൾക്ക് നേതൃത്വം കൊടുക്കുന്നതും.

ബുർഖയോ ശിരോവസ്ത്രമോ ധരിച്ചുകൊണ്ട് പള്ളിയിൽ കടക്കാൻ ആരെയും അനുവദിക്കില്ല എന്നതാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ടകാര്യം. സുരക്ഷ പരിഗണിച്ചാണ് ബുർഖയ്ക്കും ശിരോവസ്ത്രത്തിനും വിലക്കുള്ളത്. മാത്രമല്ല, മുഖം മറച്ചതുകൊണ്ട് മതത്തിൽ കാര്യമായൊന്നും നേടാനാവുന്നില്ലെന്നും സെയ്‌റാൻ പറയുന്നു. മതത്തെക്കാളേറെ, അതൊരു രാഷ്ട്രീയ തീരുമാനമാണെന്നും അവർ പറയുന്നു.

നാൽപത് ലക്ഷത്തോളം മുസ്ലീങ്ങളാണ് ജർമനിയിലുള്ളത്. തുർക്കിയിൽനിന്നാണ് ഇവരിലേറെപ്പേരും എത്തിയിട്ടുള്ളത്. ബാൽക്കൻസിൽനിന്നും മിഡിൽ ഈസ്റ്റിൽനിന്നും നോർത്ത് ആഫ്രിക്കിൽനിന്നുമുള്ളവരാണ് ശേഷിച്ചവരിൽ ഭൂരിഭാഗവും. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജർമൻ പുനർനിർമ്മാണ പ്രക്രീയയിൽ തൊഴിലാളികളായി എത്തിയവരുടെ പിന്മുറക്കാരാണ് ഇന്നുള്ള മുസ്ലീങ്ങളിലേറെപ്പേരും.