ന്യൂഡൽഹി: അറസ്റ്റിലായ ബംഗാൾ സ്വദേശി മെഹ്ദി മസ്രൂർ ബിശ്വാസിന്റെ ട്വിറ്റർ അനുയായികളിൽ അറുപത് ശതമാനം പേരും അമുസ്‌ളീങ്ങളാണെന്ന് കേന്ദ്ര സർക്കാർ. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ പിന്തുണച്ച് ട്വിറ്റർ സന്ദേശം പ്രചരിപ്പിച്ചതിനെത്തുടർന്നാണ് ബിശ്വാസ് അറസ്റ്റിലായത്.

എന്നാൽ, മെഹ്ദിയെ ട്വിറ്ററിൽ പിന്തുടർന്നിരുന്ന മുസ്‌ളീങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയിൽ അറിയിച്ചു. ബ്രിട്ടനിൽ നിന്നുള്ളവരാണ് ഇക്കാര്യത്തിൽ കൂടുതലുമെന്നും രാജ്‌നാഥ് പറഞ്ഞു.

ഡിസംബർ 13നാണ് മെഹ്ദി അറസ്റ്റിലായത്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. മെഹ്ദി തീവ്രവാദികളെ ട്വിറ്ററിൽ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു. ഇയാൾ ഐസിസിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നില്ല. കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ സിറിയ, അഫ്ഗാനിസ്ഥാൻ, ഇറാക്ക് എന്നിവിടങ്ങളിലെ സംഭവവികാസങ്ങൾ മെഹ്ദി ഇന്റർനെറ്റിലൂടെ നിരന്തരം ശ്രദ്ധിക്കുമായിരുന്നു.

പിന്നീടാണ് സോഷ്യൽ മീഡിയ വഴി മെഹ്ദി യുവാക്കളുമായി സംവദിക്കാൻ തുടങ്ങിയത്. യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്തുവെന്ന കാര്യം മെഹ്ദി നിഷേധിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് പറഞ്ഞു.