ന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാരാണെന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി. രാജ്യത്തെ പ്രസിഡന്റിനുപോലുമില്ലാത്തത്ര ഉയർന്ന വേതനം പറ്റുന്നത് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ 370 അംഗീകൃത ചുമട്ടുകാരാണ്. പ്രതിമാസം ഇവരുടെ ശമ്പളം കേട്ടാൽ ഞെട്ടരുത്. നാലര ലക്ഷം രൂപ!

ഇതു കേട്ട് ഞെട്ടിയത് സാക്ഷാൽ സുപ്രീം കോടതിയാണ്. എഫ്‌സിഐയെ ബന്ദികളാക്കി തൊഴിലാളികളും യൂണിയനുകളും കൂടി തട്ടിയെടുത്തതാണ് ഈ വേതനമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂറും ജസ്റ്റിസുമാരായ എ.തെ.സിക്രിയും ആർ.ഭാനുമതിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

ഐഐഎം ബിരുദധാരികളും സാമ്പത്തിക വിദഗ്ധരുമുൾപ്പെടെയുള്ളവർ അംഗങ്ങളായ ഉന്നത സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ വിലയിരുത്തൽ. എഫ്‌സിഐയിലെ തൊഴിലാളികളുടെ ശമ്പള ബിൽ 1800 കോടി രൂപയാണ്. നാലരലക്ഷം രൂപ ശമ്പളം വാങ്ങുന്ന 370 ഡിപ്പാർട്ട്‌മെന്റൽ ചുമട്ടുകാർക്ക് പുറമെ, 80000 രൂപ വീതം വേതനം കൈപ്പറ്റുന്ന വേറെയും ഡിപ്പാർട്ട്‌മെന്റൽ തൊഴിലാളികളുണ്ട്. എന്നാൽ, ഇതേ പണിയെടുക്കുന്ന കരാർ ജീവനക്കാർക്ക് ലഭിക്കുന്നത് മാസം 10,000 രൂപയുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഒരു ഡിപ്പാർട്ട്‌മെന്റൽ തൊഴിലാളിക്ക് ശരാശരി 80,000 നൽകേണ്ടിവരുന്നുണ്ടെന്ന് എഫ്‌സിഐയ്ക്കുവേണ്ടി ഹാജരായ വൈ.പി.റാവുവും വികാസ് സിങ് ജാംഗ്രയും ബോധിപ്പിച്ചു. ' ചാക്കുകളിലെത്തുന്ന ധാന്യങ്ങൾ കയറ്റുകയും ഇറക്കുകയുമാണ് ഈ തൊഴിലാളികൾ ചെയ്യുന്നത്. അതിന് ഇത്ര ഉയർന്ന തുക കൂലി നൽകുന്നത് അംഗീകരിക്കാനാവില്ല. 10,000 രൂപ മാത്രമാണ് കരാർ ജീവനക്കാരന് ലഭിക്കുന്നത്. പലരും സ്വന്തമായി കരാർ ജീവനക്കാരനെ വച്ച് ഒന്നും ചെയ്യാതെ ആയിരങ്ങൾ കൂലി വാങ്ങുകയാണ് ചെയ്യുന്നത്'-സുപ്രീം കോടതി നിരീക്ഷിച്ചു.

നേരത്തെ ഇതുസംബന്ധിച്ച ഒരു പത്രവാർത്തയെത്തുടർന്ന് ബോംബെ ഹൈക്കോടതി സ്വമേധയാ കേസ്സെടുത്തിരുന്നു. എഫ്‌സിഐയിൽ നടക്കുന്നതുകൊള്ളയാണന്നും കോടതി നിരീക്ഷിച്ചിരുന്നു. ഡിപ്പാർട്ട്‌മെന്റൽ ലേബർ എന്ന തസ്തിക തന്നെ നിർത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ, എഫ്‌സിഐ വർക്കേഴ്‌സ് യൂണിയൻ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ എത്തുകയായിരുന്നു.

ഒരുമാസത്തെ സമയപരിധി നിശ്ചയിച്ചുകൊണ്ട് നവംബർ 26-നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടൊപ്പം തൊഴിലാളികളുടെ സ്ഥലംമാറ്റമുൾപ്പെടെ ഒട്ടേറെ നിർദ്ദേശങ്ങളും ഹൈക്കോടതി നൽകിയിരുന്നു. ഇക്കാര്യങ്ങളിൽ എന്തെങ്കിലും നടപടികളുണ്ടായോ എന്ന് ചീഫ് ജസ്റ്റിസ് സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിനോട് ചോദിച്ചു. പത്തുദിവസത്തിനകം സർക്കാരിന്റെ തീരുമാനം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇൻസെന്റീവ്, അരിയേഴ്‌സ്, ഓവർടൈം തുടങ്ങി വിവിധ വകുപ്പുകളിലായി 370 തൊഴിലാളികൾക്ക് 2014 ഓഗസ്റ്റിൽ ലഭിച്ചത് നാലുലക്ഷത്തിലേറെ രൂപയാണ്. രണ്ടുമുതൽ രണ്ടര ലക്ഷം രൂപവരെ ലഭിച്ച വേറെ 386 തൊഴിലാളികളുമുണ്ട്. അരലക്ഷം രൂപമുതൽ ഒരുലക്ഷം രൂപവരെ ലഭിച്ച ആറായിരം തൊഴിലാളികൾ വേറെയും.