റ്റുനോറ്റിരുന്ന കൺമണിയെ ജീവനോടെ കൈയിൽകിട്ടുംവരെ അമ്മയുടെ മനസ്സിൽ ആധിയാണ്. അപ്പോൾ, ഇത്തരമൊരു അനുഭവം ആർക്കെങ്കിലും സഹിക്കാനാകുമോ? വടക്കുപടിഞ്ഞാറൻ അർജന്റീനയിലെ ടാർട്ടഗലിൽ, അമ്മയുടെ ഉദരത്തിൽനിന്ന് കുഞ്ഞിനെ പുറത്തേക്ക് വലിച്ചെടുക്കുമ്പോൾ, തല മുറിഞ്ഞുപോയി. ഉള്ളിൽ കുടുങ്ങിയ തല പിന്നീട് അമ്മ സ്വാഭാവികമായി പ്രസവിക്കുകയും ചെയ്തു. ഡോക്ടർമാരുടെ കൈപ്പിഴയാണ് ഒരു കുഞ്ഞിന്റെ ജീവനും ഒരമ്മയ്ക്ക് ആയുഷ്‌കാലത്തേക്കുള്ള വേദനയും സമ്മാനിച്ചത്.

റെയ്‌ന നതാലിയ വലാസ്‌ക്വേസാണ് നിർഭാഗ്യവതിയായ അമ്മ. 22 ആഴ്ച മാത്രം ഗർഭിണിയായിരിക്കെ പരിശോധനയ്ക്കായാണ് റെയ്‌ന ആശുപത്രിയിലെത്തിയത്. യുവാൻ ഡോമിൻഗോ പെറോൺ ആശുപത്രിയിലെത്തുമ്പോൾ, മാസം തികയാത്ത കുഞ്ഞിനെ പുറത്തെടുക്കാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. പ്രസവ വേദനയില്ലെന്ന് പറഞ്ഞിട്ടും വയറ്റിൽ ശക്തമായി അമർത്തിയും മറ്റും കുട്ടിയെ പുറത്തെടുക്കാൻ ഡോക്ടർമാർ ശ്രമിച്ചുവെന്ന് റെയ്‌ന പറയുന്നു. കുട്ടി വളരെച്ചെറുതായതുകൊണ്ട് സ്വാഭാവികമായി പുറത്തേക്ക് വരുമെന്നും ഡോക്ടർമാർ പറഞ്ഞു.

കുട്ടി പുറത്തേയ്ക്ക് വരാതായതോടെ, ഡോക്ടർ കുട്ടിയുടെ കാലിൽപിടിച്ച് പതുക്കെ പുറത്തേക്ക് വലിക്കുന്നതിനിടെ, തല ഉള്ളിലുടക്കി മുറിഞ്ഞുപോവുകയായിരുന്നു. കുഞ്ഞിന് നാപ്പി വാങ്ങാനായി പുറത്തുപോയിരുന്ന റെയ്‌നയുടെ ഭർത്താവ് വലാസ്‌ക്വേസ് വരുമ്പോൾ, തലയില്ലാത്ത ശിശുവിന്റെ ശരിരവുമായി നിൽകുന്ന ഡോക്ടർമാരെയാണ് കണ്ടത്.

അൽപസമയം കഴിഞ്ഞപ്പോൾ, റെയ്‌നയ്ക്ക് വേദന കലശലാവുകയും കുട്ടിയുടെ തലയും പ്ലാസന്റയും സ്വാഭാവികമായി പ്രസവിക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് പരിശോധനകളിൽ കണ്ടിരുന്നതാണെന്നും ഡോക്ടറുടെ പിഴവാണ് തന്റെ കുട്ടിയുടെ മരണത്തിന് കാരണമെന്നും അവർ പറഞ്ഞു.

ആശുപത്രിയിലെത്തിയപ്പോൾ തനിക്ക് പ്രസവ വേദനയുണ്ടായിരുന്നില്ല. എന്നിട്ടും ഡോക്ടർമാർ തന്നെ ലേബർ റൂമിലേക്ക് കൊണ്ടുപോയെന്ന് റെയ്‌ന പറഞ്ഞു. സിസേറിയൻ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടി തനിയെ പുറത്തുവരുമെന്ന നിലപാടാണ് ഡോക്ടർമാർ സ്വീകരിച്ചത്. സിസേറിയൻ ചെയ്യാനറിയുന്ന ആരും ആശുപത്രിയില്ലെന്നും ഡോക്ടർമാർ പറഞ്ഞതായി റെയ്‌ന പറഞ്ഞു.