ന്യൂഡൽഹി: ഡൽഹി ഷാലിമാർ ബാഗിൽ അമ്മയെയും മകളെയും നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് യുവതികൾ അറസ്റ്റിൽ. മേഘ(22) നേഹ(20) എന്നിവരെയാണ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

നവംബർ 19-ന് രാത്രിയിലാണ് ഷാലിമാർ ബാഗിലെ ഒരു കോളനിയിൽ അമ്മയ്ക്കും മകൾക്കും നേരേ ആക്രമണമുണ്ടായത്. ജനവാസ മേഖലയിലെ റോഡരുകിൽ കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങിയ പെൺകുട്ടിയെയും അമ്മയെയും രണ്ട് യുവതികളും യുവാക്കളും അടങ്ങുന്ന സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ആശുപത്രി വിട്ടതിന് പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്.

രണ്ട് യുവതികളും നാല് യുവാക്കളും ചേർന്ന് ആക്രമിച്ചെന്നായിരുന്നു അമ്മയുടെയും മകളുടെയും പരാതി. ആംആദ്മി എംഎ‍ൽഎ. വന്ദനാകുമാരിയുടെ അനുയായികളാണ് ആക്രമണം നടത്തിയതെന്നും ഇവർ ആരോപിച്ചിരുന്നു. ഇതിനിടെ, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

പാർക്ക് ചെയ്ത കാറിൽനിന്ന് രണ്ട് പെൺകുട്ടികൾ പുറത്തിറങ്ങുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ആദ്യമുള്ളത്. തുടർന്ന് രണ്ട് യുവതികൾ ഇവർക്ക് നേരേ നടന്നുവരികയും ഒരു പെൺകുട്ടിയെ മർദിക്കുകയായിരുന്നു. ഇത് തടയാനായി കാറിലുണ്ടായിരുന്ന അമ്മയും പുറത്തിറങ്ങി. എന്നാൽ യുവതികളും ഒപ്പമുണ്ടായിരുന്ന യുവാക്കളും ചേർന്ന് അമ്മയെ മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പുറത്തുവന്നെങ്കിലും യുവതികളുടെ നേതൃത്വത്തിൽ അമ്മയെയും മകളെയും ആക്രമിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. പൊലീസും ഇതുസംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, സംഭവത്തിൽ തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആംആദ്മി എംഎ‍ൽഎ. വന്ദനാകുമാരി പ്രതികരിച്ചു.

പരാതിക്കാരി തന്റെ അയൽപക്കത്ത് താമസിക്കുന്നയാളാണ്. എല്ലാപ്രശ്നങ്ങൾക്കും തന്നെ കുറ്റപ്പെടുത്തുന്നത് അവരുടെ രീതിയാണ്. ഈ സംഭവത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും എംഎ‍ൽഎ. പറഞ്ഞു.