സൈപ്രസ്:   ജർമൻ സ്വദേശികളായ രണ്ടു വനിതകൾ സൈപ്രസ് ലർനാക്ക ഇന്റർനാഷണൽ എയർപ്പോർട്ടിൽ കഴിഞ്ഞത് ഒന്നും രണ്ടുമല്ല നീണ്ട 15 മാസക്കാലമാണ്. ഇവർ അമ്മയും മകളുമാണെന്നാണ് റിപ്പോർട്ടുകൾ. എയർപോർട്ടിലെ കാർ പാർക്കിങ്ങ് ഏരിയയിൽ കോൺക്രീറ്റ് തറയിലാണ് അമ്മയും മകളും അന്തിയുറങ്ങിയത്. ജർമനിയിലേക്ക് തിരിച്ചുപോകുന്നതിന് വേണ്ട സഹായം എയർപോർട്ട് അധികൃതർ വാഗ്ദാനം ചെയ്തുവെങ്കിലും ഇരുവരും ഇതു നിഷേധിക്കുകയായിരുന്നു.

എയർപോർട്ടിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഇവർ പ്രാഥമിക ആവശ്യങ്ങൾ നിർവഹിച്ചിരുന്നത്. മാനുഷിക പരിഗണന നൽകിയാണ് ഇതുവരെ ഒന്നും പറയാതിരുന്നതെന്നും, ഈ സാഹചര്യം ഇനി ഉണ്ടാവില്ലെന്നും ഇത് ഹോട്ടൽ അല്ല എയർപോർട്ട് ആണ് എന്ന് അധികൃതർ പിന്നീട് ഇവരെ ധരിപ്പിക്കുകയായിരുന്നു.

ജർമൻ എംബസ്സിയും ലാർനാക്ക പൊലീസ് സ്‌റ്റേഷനും ഇവർക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതും ഇവർ നിഷേധിച്ചതായാണ് റിപ്പോർട്ടുകൾ. വിസാ കാലാവധി കഴിഞ്ഞതിനേ തുടർന്ന് ഇസ്രയേലിൽ നിന്നും നാടു കടത്തപ്പെട്ട ഇവർ 2014 ഓഗസ്റ്റിലാണ് സൈപ്രസ്സിൽ എത്തിയത്. ഇസ്രയേലിലേക്ക് തന്നെ മടങ്ങാനാണ് സ്ത്രീകളുടെ താത്പര്യം എന്നാണ് കരുതുന്നത്. എന്നാൽ അവിടേയ്ക്കു തന്നെ തിരിച്ചുപോകാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതു വരെ കാത്തിരിക്കാനാണ് സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കി.

ഇരുവരുടേയും പ്രശ്‌നം ഒത്തുതീർക്കാനുള്ള ശ്രമം നടന്നുവരികയാണെങ്കിലും എത്രയും പെട്ടെന്നു തന്നെ പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും എയർപോർട്ട് അധികൃതർ വെളിപ്പെടുത്തി.