തിരുവനന്തപുരം: വർക്കലയിൽ രണ്ട് വയസ്സുകാരന്റെ മരണം കൊലപാതകം തന്നയെന്ന് തെളിഞ്ഞു. കുട്ടിയുടെ അമ്മയും കാമുകനുമാണ് കേസിലെ പ്രതികൾ. ഒരുമിച്ച് ജീവിക്കുന്നതിന് കുട്ടി ഒരു ശല്യമാകുന്നുവെന്നതിനെ തുടർന്നാണ് കൊലപാതകം നടത്തിയത്. ദിവസങ്ങളായി ഉത്തരയും കാമുകൻ രജീഷും ചേർന്ന് കുട്ടിയ മർദ്ദിച്ച് വരികയായിരുന്നു. ഇന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് കുട്ടിയുടെ മരണം ക്രൂരമായ മർദ്ദനത്തെതുടർന്നാണ് എന്ന് തെളിഞ്ഞത്.ഉത്തരയും കാമുകൻ രജീഷും മർദ്ദിച്ചതിനെ തുടർന്ന് കുട്ടിയുടെ ആന്തരിക അവയവങ്ങൾക്കും തലച്ചോറിനും കാര്യമായ പരിക്ക് പറ്റിയിരുന്നു. കാമുകനുമായുള്ള ബന്ധത്തെ തുടർന്നാണ് ഉത്തരയുടെ ഭർത്താവ് മനു ഇവരെ ഉപേക്ഷിച്ച് പോയത്.

സംഭവത്തെക്കുറിച്ച് വർക്കല പൊലീസ് പറയുന്നത് ഇിങ്ങനെ

കുളത്തൂപ്പുഴ സ്വദേശി യായ മനു എന്ന യുവാവുമായി മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഉത്തരയുടെ വിവാഹം കഴിഞ്ഞത്. ഇവരുടെ മകനാണ് മരണപ്പെട്ട ഏകലവ്യൻ. വിവാഹം കഴിഞ്ഞ് ഭർത്താവിനും കുടുംബത്തിനും ഒപ്പം കഴിയവയൊണ് അകന്ന ബന്ധുവും കുടുംബ സുഹൃത്തുമായ രജീഷുമായി ഉത്തര സൗഹൃദത്തിലെത്തുന്നത്. ആദ്യം സൗഹൃദമായിരുന്നുവെങ്കിലും പിന്നീട് ഇരുവരും തമ്മിൽ വഴിവിട്ട ബന്ധമായി മാറുകയായിരുന്നു. ഇവരുടെ ഫോൺ സംഭാഷണങ്ങളും ഫോൺവിളിയും പലപ്പോഴും പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.

അലുമിനിയം ഫാബ്രിക്കേഷൻ പണിയാണ് രജീഷ് ചെയ്തിരുന്നത്. ആദ്യമൊക്കെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു രജീഷ്. ഇരുവരും അടുക്കുന്നതിന് അനുസരിച്ച് ഉത്തരയും ഭര്ഡത്താവ് മനുവും തമ്മിലുള്ള പ്രശ്‌നങ്ങൾ വർധിച്ച് വരികയും ചെയ്തു. പിന്നീട് രജീഷ് തന്റെ ഭാര്യയേയും മൂന്നരവയസ്സുള്ള പെൺകുഞ്ഞിനേയും ഉപേക്ഷിച്ച് ഉത്തരയ്ക്ക് ഒപ്പം ജീവിക്കാൻ തീരുമാനിച്ചു. നിയമപരമായി ബന്ധം വേർപ്പെടുത്തിയില്ലെങ്കിലും രജീഷുമൊത്ത് ജീവിക്കുകയായിരുന്നു.

കുഞ്ഞിനെ തനിക്കൊപ്പം വിടണമെന്ന് ആവശ്യപ്പെട്ട് മനു പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസ് പുരോഗമിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നത്. കുട്ടിയെ വിട്ടുനൽകാതിരിക്കുകയും എന്നിട്ട് കാമുകനുമൊത്ത് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ് നടന്നത്. ആറ്റിങൽ ഡിവൈഎസ്‌പി, വർക്കല സിഐ വിനുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.

കുട്ടിയെ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെട്ടെന്നായിരുന്നു ഇവരുടെ മൊഴി. കുട്ടിക്ക് വയറുവേദനയാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു. ഇതിനിടെ മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഉത്തരയുടെ ഭർത്താവ് മനു പൊലീസിൽ പരാതി നൽകി. തുടർന്നാണ് വർക്കല പൊലീസ് സംഭവത്തിൽ കേസെടുത്തത്. ആശുപത്രിയിലെത്തിച്ചപ്പോൾ കുട്ടിയുടെ ശരീരത്തിൽ പാടുകളുണ്ടായിരുന്നതായി ഡോക്ടർമാരും പൊലീസിന് മൊഴി നൽകിയിരുന്നു.

തുടർന്ന് ഉത്തരയെയും കാമുകനെയും വിശദമായി ചോദ്യംചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭർത്താവുമായി പിണങ്ങിയ ഉത്തര കുറച്ചുകാലമായി കാമുകനൊപ്പം അയന്തിയിലാണ് താമസിക്കുന്നത്. കുട്ടിയെ ഇരുവരും നിരന്തരം ഉപദ്രവിച്ചിരുന്നതായും മരണപ്പെട്ട ഏകലവ്യന്റെ ചെറുകുടലിനും തലയ്ക്കും ഗുരുതര പരിക്കേറ്റിരുന്നതായും പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.