കാസർകോഡ്: ബദിയടുക്കയിൽ കഴിഞ്ഞ ദിവസം ഒന്നരവയസ്സുകാരനെ പൊതുകിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയതുകൊലപാതകാമാണെന്ന് തെളിഞ്ഞു. കുട്ടിയെ സ്വന്തം അമ്മ തന്നെ കിണറിൽ എറിഞ്ഞ് കൊലപ്പെടുത്തിയതാണെന്ന് കുറ്റം സമ്മതിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മ ശാരദയെ പൊലീസ് അറസ്റ്റ് ചെയ്തു. ശാരദയുടെ ഏക മകൻ ഒന്നര വയസ്സുള്ള സ്വാതികിനെയാണ് കഴിഞ്ഞ ദിവസം വീടിനോട് ചേർന്ന പൊതുകിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

പ്രതിക്ക് മാനസിക പ്രശ്നങ്ങളുള്ളതായും ഭർത്താവുമായി സ്ഥിരം വഴക്കിടാറുള്ളതായും നാട്ടുകാർ പറയുന്നു. കഴിഞ്ഞ നാലാം തിയ്യതിയാണ് സ്വാതികിന്റെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത്. മകനെ കാണാനില്ലെന്ന് ശാരദ തന്നെയാണ് ആദ്യം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ കിണറിൽ നിന്നും സ്വാതികിന്റെ മൃതദേഹം കണ്ടെടുത്തത്. പർള കാട്ടുകുക്ക പെർതാജെ സ്വദേശിയാണ് അറസ്റ്റിലായ ശാരദ.

കുട്ടി തനിയെ കിണറ്റിൽ വീണതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ആരെങ്കിലും മനപ്പൂർവ്വം കിണറ്റിൽ എറിഞ്ഞതാകാമെന്ന് തെളിഞ്ഞത്. നിരവധി പേരെ സംശയിച്ചിരുന്നെങ്കിലും അതിലൊന്നും അമ്മയുടെ പേരുണ്ടായിരുന്നില്ല. പിന്നീട് നാട്ടുകാർ നൽകിയ മൊഴിയിൽ നിന്നാണ് ശാരദയെ സംശയിക്കുന്ന ഘടകങ്ങൾ കണ്ടെത്തിയത്. മൃതദേഹം കണ്ടെടുത്ത ദിവസം രാവിലെ ശാരദ കുട്ടിയുമായി കിണറിന് സമീപത്തേക്ക് പോകുന്നത് കണ്ടിരുന്നു എന്നും എന്നാൽ തിരിച്ചു വരുമ്പോൾ കു്ട്ടിയ കയ്യിലുണ്ടായിരുന്നില്ല എന്നുമാണ് നാട്ടുാകാർ പൊലീസിനെ അറിയിച്ചത്.

മാത്രവുമല്ല സംഭവ ദിവസം ശാരദ ഇടക്കിടക്ക് കിണറിന് സമീപത്ത് എത്തി തിരിച്ചുപോരുന്നത് കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ശാരദയെ ചോദ്യം ചെയ്തതിൽ നിന്ന് അവർ കുറ്റം സമ്മദിക്കുകയായിരുന്നു. ഇവർ മാനസിക അസ്വസ്ഥ്യത്തിന് മരുന്ന് കഴിച്ചിരുന്നതായും പൊലീസ് പറയുന്നു.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശാരദയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.