ഹൂസ്റ്റൺ: പതിനൊന്നു വയസ്സുള്ള മകളെ വാഹനം ഓടിക്കാൻ അനുവദിച്ച 25 വയസ്സുള്ള മാതാവിനെ പസഡീന പൊലീസ് അറസ്റ്റു ചെയ്തു. ഹൂസ്റ്റണിൽ ജൂലായ് 9 വെള്ളിയാഴ്ചയായിരുന്നു സംഭവം. പതിനൊന്നു വയസ്സുള്ള മകൾ വാഹനം ഓടിച്ചതു പത്തു വയസ്സുള്ള സഹോദരനേയും കാറിലിരുത്തിയാണ് എന്നതു സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു. അതിവേഗത്തിൽ ഓടുന്ന കാറിനെ പൊലീസ് പിന്തുടർന്നു പിടികൂടിയപ്പോഴാണ് രണ്ടു കുട്ടികളാണ് കാറിലെന്ന് മനസ്സിലായതെന്ന് പസഡീന പൊലീസ് പറഞ്ഞു.

വീടിനു രണ്ടര മൈൽ അകലെ നിന്നും സഹോദരനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്നതിന് അമ്മയാണ് മകൾക്കു കാറോടിക്കാൻ അനുവാദം നൽകിയത്. ഇതിനു മുമ്പു വാഹനം ഓടിച്ചിട്ടുണ്ടോ എന്ന പൊലീസിന്റെ ചോദ്യത്തിനു ഇല്ല എന്നായിരുന്നു കുട്ടിയുടെ മറുപടി.

രണ്ടു കുട്ടികളേയും വീട്ടിൽ സുരക്ഷിതമായി എത്തിച്ച പൊലീസ് മാതാവ് മറിയ ലോപസിനെതിരെ കുട്ടികളെ മനഃപൂർവ്വം അപായപ്പെടുത്തുവാൻ ശ്രമിച്ചു എന്ന കുറ്റം ആരോപിച്ചു അറസ്റ്റു ചെയ്തു. ഡ്രൈവിങ് ലൈസൻസ് എടുക്കാൻ
പ്രായമാകാത്ത കുട്ടികളെ മാതാപിതാക്കൾ കാറോടിക്കുവാൻ അനുവദിക്കരുത്.
ഗുരുതരമായ കൃത്യവിലോപമാണെന്ന് പൊലീസ് പറഞ്ഞു.