ടെക്സസ്: ചുട്ടുപൊള്ളുന്ന വെയിലിൽ പതിനഞ്ച് മണിക്കൂറോളം രണ്ടും, ഒന്നും വയസ്സുള്ള രണ്ട് പിഞ്ച് പെൺകുട്ടികളെ മനപ്പൂർവ്വം കാറിലിട്ടടച്ച് ചൂടേറ്റ് മരിക്കാനിടയായ സംഭവത്തിൽ മാതാവ് പത്തൊമ്പത് വയസ്സുള്ള അമാൻഡ ഹാക്കിൻസിനെ കെർ കൊണ്ടി പൊലീസ് അറസ്റ്റ് ചെയ്തതായി ജൂൺ 9 വെള്ളിയാഴ്ച നടത്തിയ പത്ര സമ്മേളനത്തിൽ കെർ കൊണ്ടി ഷെറിഫ് അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ട് കാറിലിട്ടടച്ച ശേഷം 16 വയസ്സുള്ള കാമുകനുമൊത്ത് ഉല്ലസിക്കുവാൻ പോയതായിരുന്നു മാതാവ്. തിരിച്ചു വന്ന് കാറ് തുറന്ന് നോക്കിയപ്പോൾ അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജൂൺ 8 വ്യാഴാഴ്ച കുട്ടികൾ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. കാറിനകത്തിരുന്ന ചൂടേറ്റ് കുട്ടികൾ നിലവിളിച്ചുവെങ്കിലും സമീപം കടന്നുപോയവർ വേണ്ടത്ര ശ്രദ്ധിച്ചില്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

37 വർഷത്തെ സേവനത്തിനിടയിൽ ഇത്രയും ക്രൂരമായ പെരുമാറ്റം ഒരു മാതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായതായി കണ്ടിട്ടില്ലെന്ന് കെർ കൗണ്ടി ഷെറിഫ് ഹെയർ ഹോൾസൻ പറഞ്ഞു.

മനപ്പൂർവ്വമായ നരഹത്യക്ക് മാതാവിന്റെ പേരിൽ കേസ്സെടുത്തു. പൊലീസ് ചോദ്യം ചെയ്തതിൽ അമാൻഡ കുറ്റം സമ്മതിച്ചു. ഇവർക്ക് 70000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.