കുവൈറ്റ് സിറ്റി: യുവതിയായ മകളെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ ബാത്ത്‌റൂമിൽ ഒളിപ്പിച്ചുവെച്ച 60 വയസുകാരി അറസ്റ്റിൽ. കുവൈത്തിലെ സാൽമിയയിലാണ് സംഭവം. സ്ഥലത്തെത്തിയ പൊലീസ് സംഘം വീട് പരിശോധിച്ചപ്പോൾ, ഉപയോഗിക്കാതെ അടച്ചിട്ട ബാത്ത്‌റൂമിൽ നിന്ന് അസ്ഥികൂടം കണ്ടെടുത്തു.

21 വയസുകാരനായ ഇവരുടെ മകൻ കഴിഞ്ഞ ദിവസം സാൽമിയ പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് അഞ്ച് വർഷം മുമ്പുണ്ടായ സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. പൊലീസ് സ്റ്റേഷനിൽ കയറിച്ചെന്ന ഇയാൾ തന്റെ സഹോദരിയെ അമ്മ 2016ൽ കൊലപ്പെടുത്തിയെന്നും ഫാമിലി അപ്പാർട്ട്‌മെന്റിലെ ബാത്ത്‌റൂമിൽ മൃതദേഹം ഒളിപ്പിച്ചുവെന്നും പൊലീസിനോട് പറയുകയായിരുന്നു.

ഇതനുസരിച്ച് പരിശോധനയ്ക്കായി വീട്ടിലെത്തിയ പൊലീസ് സംഘത്തെ പരാതിക്കാരനായ യുവാവിന്റെ സഹോദരനും അമ്മയും ചേർന്ന് തടഞ്ഞു. എന്നാൽ പബ്ലിക് പ്രോസിക്യൂഷനിൽ വാറണ്ടുമായെത്തിയ പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു.

അപ്പാർട്ട്‌മെന്റിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കിട്ടിയതോടെ അമ്മയും പൊലീസിനെ തടഞ്ഞ മകനും അറസ്റ്റിലായി. ഇവരെ തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി. മൃതദേഹ അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

മകളെ താൻ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിലും കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്ന് അമ്മ പറഞ്ഞു. വീട്ടിൽ നിന്ന് പുറത്തുപോകുന്നത് തടയാനും മര്യാദ പഠിപ്പിക്കാനുമാണ് മകളെ പൂട്ടിയിട്ടതെന്നും ഇവർ പറഞ്ഞു. മകൾ മരിച്ചതോടെ പ്രത്യാഘാതം ഭയന്ന് സംഭവം ആരോടും പറഞ്ഞില്ലെന്നാണ് ഇവരുടെ വാദം.

പ്രതിയും ഭർത്താവും അഞ്ച് വർഷം മുമ്പ് വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. ഇയാളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളോടുള്ള ക്രൂരത കാരണമാണ് താൻ വിവാഹമോചനം തേടിയതെന്ന് മുൻ ഭർത്താവ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ച അന്വേഷണ സംഘം കുടുംബത്തിലെ മറ്റുള്ളവരുടെ മൊഴിയെടുക്കുകയാണ്.