ഹരിപ്പാട്: കരച്ചിൽ അസഹ്യമായതിനെത്തുടർന്ന് അമ്മ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു. തുലാമ്പറമ്പ് വടക്ക് മണ്ണാറപ്പുഴഞ്ഞിയിൽ ദീപ്തി(26)യാണ് 48 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ വീട്ടിലെ കിണറ്റിലെറിഞ്ഞു കൊന്നത്. നൂലുകെട്ടിനു ശേഷം കുഞ്ഞ് തുടർച്ചയായി കരയാറുണ്ടെന്നും അതു തനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയതായും ദീപ്തി മൊഴിനൽകിയതായി ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ഒ. ശ്യാംകുമാർ പറഞ്ഞു.

ശനിയാഴ്ച ഉച്ചയോടെയാണ് കുഞ്ഞിനെ മരിച്ചനിലയിൽ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചത്. കുളിപ്പിക്കുന്നതിനിടെ പ്ലാസ്റ്റിക്പാത്രത്തിലെ വെള്ളത്തിൽ വീണതാണെന്നാണ് ബന്ധുക്കൾ ആശുപത്രിയിൽ പറഞ്ഞത്. സംശയംതോന്നിയ ഡോക്ടർമാർ വിവരം പൊലീസിൽ അറിയിച്ചു.

വീട്ടുകാർ പൊലീസിനും ഇതേ മൊഴിതന്നെയാണ് നൽകിയത്.എന്നാൽ കുഞ്ഞിന്റെ മൃതദേഹം ഞായറാഴ്ച വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് വെള്ളത്തിൽ മുങ്ങിമരിച്ചതാണെന്ന് വ്യക്തമായത്. വിശദമായ ചോദ്യംചെയ്യലിൽ അമ്മ കുറ്റംസമ്മതിച്ചതായും പൊലീസ് പറഞ്ഞു.

ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. കുഞ്ഞിനെ കൊന്നതാണെന്നു വ്യക്തമായതിനാൽ ഇപ്പോൾ കൊലപാതകക്കുറ്റം ഉൾപ്പെടുത്തിയാണ് കേസ്.മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ദീപ്തി വണ്ടാനം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യവിഭാഗത്തിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.

കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്നും ഇതേത്തുടർന്ന് കൗൺസലിങ്ങിനു വിധേയയായിരുന്നുവെന്നും ദീപ്തി പറയുന്നുണ്ട്. ശനിയാഴ്ച കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോഴുണ്ടായ അസ്വസ്ഥതയെത്തുടർന്നാണ് വീട്ടിലെ കിണറ്റിലേക്കിട്ടതെന്നാണ് ദീപ്തിയുടെ മൊഴി.ആശുപത്രി വിടുന്നതോടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും.