ചെന്നൈ: ചെന്നൈക്കടുത്ത് വേളാച്ചേരിയിൽ നിന്നും കാണാതായ നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുഞ്ഞിനെ കൊന്ന് ഉപേക്ഷിച്ച ശേഷം കാണാനില്ലെന്ന് വരുത്തി തീർത്ത കുഞ്ഞിന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. വേളാച്ചേരി ദ്രൗപതി അമ്മൻ കോവിൽ സ്ട്രീറ്റിലെ വാടക വീട്ടിൽ താമസിക്കുന്ന വിക്കണ്ണയുടെ ഭാര്യ ഉമയാണ് (27) അറസ്റ്റിലായത്.

കുഞ്ഞിന് മുലപ്പാൽ നൽകുമ്പോൾ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നതിനെ തുടർന്നാണ് കുഞ്ഞിനെ കൊന്നതെന്ന് ഉമ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. കൂടെ ഉറങ്ങിയ കുഞ്ഞിനെ കൊലപ്പെടുത്തി തടാകത്തിൽ ഉപേക്ഷിച്ച ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഉമ ഭർത്താവുമൊത്ത് പൊലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകിയത്. കൂടെ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പുലർച്ചെ നാല് വരെ കണ്ടിരുന്നെന്നും പിന്നീട് അഞ്ചരയ്ക്ക് എഴുന്നേറ്റപ്പോൾ കണ്ടില്ലെന്നുമായിരുന്നു പരാതി.

തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് സംഘം സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ഒരു സ്ത്രീ സംശയാസ്പദമായ സാഹചര്യത്തിൽ പുലർച്ചെ റോഡിലൂടെ നടന്നുപോകുന്നതായി കണ്ടെത്തി. ഇതോടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയം ബലപ്പെട്ടു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചത് ഉമ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു.

വേളാച്ചേരി പൊലീസ് ഇൻസ്‌പെക്ടർ വേലുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം സംഘം നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. സി.സി.ടി.വി. ദൃശ്യങ്ങളിൽ കണ്ട സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾക്കൊടുവിലാണ് അത് ഉമയാണെന്ന് കണ്ടെത്തിയത്.

ചോദ്യം ചെയ്യലിൽ അവർ കുറ്റം സമ്മതിച്ചു. പ്രസവത്തിനുശേഷം ആരോഗ്യപരമായ പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്നും കുഞ്ഞിന് മുലപ്പാൽ നൽകുമ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നുവെന്നും ഉമ പറഞ്ഞു. ഇക്കാര്യം ഭർത്താവിനോട് പലതവണ പരാതിപ്പെട്ടുവെങ്കിലും ഗൗനിച്ചില്ല. അതോടെ കുഞ്ഞിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.

ശനിയാഴ്ച പുലർച്ചെ എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്ത് കുഞ്ഞിനെയെടുത്ത് പുറത്തിറങ്ങിയ ഉമ സമീപത്തെ തടാകത്തിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. തിരിച്ചുവന്ന ഇവർ പിന്നീട് എല്ലാവർക്കുമൊപ്പം കുട്ടിയെ തിരയാനും പോയിരുന്നു. അറസ്റ്റിലായ ഉമയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.