കാലിഫോർണിയ: പുലർച്ചെ വീട്ടിൽ കള്ളന്റെ കാലൊച്ച കേട്ടാൽ ആരാണ് ഞെട്ടാതിരിക്കുന്നത്. പേടിച്ചരണ്ട് കുട്ടികളേയും കൂട്ടി വീടിന്റെ ഒരു മൂലയിൽ ഒളിച്ചിരിക്കുന്നതിനു പകരം കാലിഫോർണിയയിലെ ഈ വീട്ടമ്മ ധൈര്യത്തോടെ മോഷ്ടാവിനെ നേരിടുകയായിരുന്നു. ഹാൻഫോർഡിലുള്ള വീട്ടമ്മയാണ് അസാമാന്യധൈര്യത്തോടെ മോഷ്ടാവിനെ നേരിട്ടത്.

പുലർച്ചെ വീടിനുള്ളിൽ ആരോ നടക്കുന്ന ശബ്ദം കേട്ടാണ് മൂന്നു കുട്ടികളുടെ അമ്മയായ ഇവർ ഉണരുന്നത്. ആദ്യം തന്നെ കൈയിൽ കിട്ടിയ ആയുധം കൈക്കലാക്കുകയായിരുന്നു അവർ- ഒരു ഹൈ ഹീൽഡ് ഷൂ. ഇരുട്ടത്ത് അടുക്കളയിൽ നിന്ന് പതുങ്ങി അകത്തേക്ക് വന്ന മോഷ്ടാവിനെ ഇവർ ഷൂവുമായി ധൈര്യത്തോടെ നേരിട്ടു. മോഷ്ടാവിനോട് തന്റെ വീട്ടിൽ നിന്ന് ഇറങ്ങാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു. വീട്ടമ്മ കാട്ടിയ അസാമാന്യ ധൈര്യം കണ്ടിട്ടാണോ എന്തോ മോഷ്ടാവ് ഉപദ്രവിക്കുകയൊന്നും ചെയ്യാതെ ഇവിടെ നിന്നു കടന്നുകളയുകയായിരുന്നു.

മോഷ്ടാവ് ഇറങ്ങിയ ഉടൻ തന്നെ വാതിൽ പൂട്ടിയ ശേഷം വീട്ടമ്മ 911 വിളിച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നിമിഷനേരത്തിനുള്ളിൽ സ്ഥലത്തെത്തിയ പൊലീസിന് മറ്റൊരു വീടിന്റെ മുറ്റത്ത് ഒളിച്ചിരുന്ന മോഷ്ടാവിനെ കൈയൊടെ പിടികൂടാൻ സാധിച്ചു. 28കാരനായ ക്രൂസ് അഗ്വിലർ ഗാർഷ്യ എന്ന യുവാവാണ് പൊലീസിന്റെ പിടിയിലായത്. വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം സന്ദർഭത്തെ മനോധൈര്യത്തോടെ നേരിടാൻ സാധിച്ചതുകൊണ്ടാണ് തനിക്ക് ഇങ്ങനെ ചെയ്യാൻ പറ്റിയതെന്നാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വീട്ടമ്മ വ്യക്തമാക്കുന്നത്. മോഷ്ടാവ് എന്നെ ഉപദ്രവിക്കാൻ സാഹചര്യം കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുവെന്നും വീട്ടമ്മ പറയുന്നു.

പൊലീസിന്റെ പിടിയിലായ മോഷ്ടാവിൽ നിന്ന് ഇവരുടെ വീട്ടിൽ നിന്നും മോഷ്ടിച്ച സാധനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തന്റെ 15 വർഷത്തെ സർവീസിനിടയ്ക്ക് ഇത്തരത്തിൽ ഷൂവുമായി മോഷ്ടാവിനെ ഒരാൾ നേരിട്ട സംഭവം ആദ്യമാണെന്ന് കിങ്‌സ് കൗണ്ടി ഷെരീഫ് സർജന്റ് മാർക്ക് ബെവൻസ് പറയുന്നു. പുലർച്ചെ മൂന്നിന് വീട്ടിൽ മോഷ്ടാവ് കയറുകയെന്നത് മൂന്നു കുട്ടികളുമായി കഴിയുന്ന ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറെ ഭയാനകമായ സംഭവമാണെന്നും അതിനെ ഇത്ര ലാഘവത്തോടെ നേരിടാൻ വീട്ടമ്മയ്ക്ക് സാധിച്ചത് പ്രശംസനീയമാണെന്നും സർജന്റ് ബെവൻസ് എടുത്തുപറയുന്നു.