ഹ്‌റൈനിൽ കാൽനടയാത്രക്കാർക്കായി പ്രത്യേക ഇൻഷൂറൻസ് പദ്ധതി പ്രഖ്യാപിച്ചു. സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റിൻ ആണ് മോട്ടോർ കോമ്പൻസേഷൻ ഫണ്ട് എന്ന പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രവാസികൾക്കും സ്വദേശികൾക്കും ഒരു പോലെ ഗുണകരമാവുന്ന പദ്ധതിയാണിത്.

കാൽനടയാത്രക്കിടെ അപകടത്തിൽപ്പെട്ട് മരിച്ചാൽ അവരുടെ കുടുംബാംഗങ്ങൾക്കും, ഗുരുതരമായ പരിക്കേൽക്കുന്നവർക്കും 10,000 ദിനാർ നഷ്ടപരിഹാരം നൽകുന്നതാണ് പദ്ധതി. കൂടാതെ അപകടത്തിൽ ഭാഗികമായി പരിക്കേൽക്കുന്നവർക്ക് 1,000 ദിനാറും, മറ്റു പരിക്കുകൾക്ക് 500 ദിനാറും ഇൻഷൂറൻസ് തുക ലഭിക്കും.

നിലവിൽ ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യമായ ചികിത്സയാണ് നൽകുന്നത്. അംഗവൈകല്യം സംഭവിക്കുകയാണെങ്കിൽ ധനസഹായത്തിനായി അപേക്ഷ നൽകാമെങ്കിലും സ്വാഭാവികമായ ഇൻഷൂറൻസ് പരിരക്ഷ ഇവർക്ക് ലഭിക്കില്ല. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സി.ബി.ബി. യുടെ 17547777 എന്ന നമ്പറിൽ ലഭ്യമാണ്.