- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരക്കുള്ള റോഡിൽ ചീറിപ്പാഞ്ഞത് 160 കിലോമീറ്റർ വേഗതയിൽ; ചോദ്യം ചെയ്യലിൽ കിട്ടിയ മറുപടിയിൽ അമ്പരന്ന് മോട്ടോർ വാഹനവകുപ്പ്; മരണപ്പാച്ചിൽ സോഷ്യൽ മീഡിയയിലെ 'ലൈക്കിന്' വേണ്ടി
തിരുവനന്തപുരം: തിരക്കേറിയ റോഡിലെ ചീറിപ്പാച്ചലിന് പിടിയിലായ യുവാവിന്റെ മറുപടിയിൽ അമ്പരന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ.സോഷ്യൽ മീഡിയയിലെ ലൈക്കിനും ഷെയറിനും വേണ്ടിയാണ് ജീവൻ വെച്ചുള്ള ഈ മരണപ്പാച്ചിലെന്നായിരുന്നു മറുപടി.എംസി റോഡിലൂടെ ഇരുചക്രവാഹനത്തിൽ 160 കിലോമീറ്റർ സ്പീഡിൽ വാഹനമോടിച്ചതിന് ചെങ്ങന്നൂർ കാരയ്ക്കാട് സ്വദേശി ജസ്റ്റിൻ മോഹനെ കഴിഞ്ഞ ദിവസമാണ് എൻഫോഴ്സ്മെന്റ് പിടികൂടിയത്.
വേഗത കൂടുന്നതനുസരിച്ച് സമൂഹമാധ്യമങ്ങളിലെ വീഡിയോയ്ക്ക് ലൈക്ക് കൂടും ആരാധകരും ഇതാണ് മരണപ്പാച്ചിൽ നടത്താൻ പലർക്കുമുള്ള പ്രോത്സാഹനം. ചങ്ങനാശ്ശേരിയിൽ ബൈക്കുകളുടെ മത്സരയോട്ടത്തിനിടെയുണ്ടായ അപകടത്തിൽ മൂന്ന് പേരാണ് അടുത്തിടെ കൊല്ലപ്പെട്ടത്. അപകടകരമായ രീതിയിൽ സ്പോർട്സ് ബൈക്ക് ഓടിച്ചെത്തിയ യുവാവും മറ്റൊരു ബൈക്ക് യാത്രികരുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഇതിന് പിന്നാലെ ഈ മേഖലയിൽ മോട്ടോർ വാഹനവകുപ്പ് ഓപ്പറേഷൻ റാഷ് തുടങ്ങിയിരുന്നു. സമൂഹമാധ്യമങ്ങൾ നിരീക്ഷിച്ചാണ് കൂടുതൽ നിയമലംഘകരെ കുടുക്കിയത്. ഓപ്പറേഷൻ റാഷിൽ മൂന്ന് ദിവസത്തിനിടെ ആലപ്പുഴ ജില്ലയിൽ മാത്രം കുടുങ്ങിയത് 265 പേരാണ്.
പ്രാദേശികമായി കൂട്ടായ്മകൾ രൂപീകരിച്ച് മത്സരയോട്ടം നടത്തുന്ന യുവാക്കളാണ് പിടിയിലായവരിൽ ഏറെയും. ഇത്തരക്കാരെ കുറിച്ച് പരാതികൾ അറിയിക്കാൻ മോട്ടോർ വാഹനവകുപ്പ് തുടങ്ങിയ വാട്സ്ആപ്പ് നമ്പറിലേക്ക് പരാതി പ്രളയമാണ്. ഇനി ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും എന്നും മുന്നറിയിപ്പിനൊപ്പം 9500 രൂപയാണ് ജസ്റ്റിന് പിഴ ചുമത്തിയത്.
മറുനാടന് മലയാളി ബ്യൂറോ