ദുബായ്: വ്യാപകമായി പെയ്ത മഴയിൽ യുഎഇയിലെ താപനില അഞ്ചു വരെ താഴ്ന്നു. കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെത്തുടർന്ന് അപ്രതീക്ഷിതമായിരുന്നു മഴ. അതേസമയം ശക്തമായ കാറ്റാണ് വീശിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ കാലാവസ്ഥ പെട്ടെന്നു തന്നെ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു.

ശക്തമായ കാറ്റ് വീശുന്നതിനാൽ പൊടിക്കാറ്റിന്റെ ശല്യം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് വാഹനമോടിക്കുന്നവർക്ക് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കാനും വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാനും ശ്രദ്ധിക്കണമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ആൻഡ് സീസ്‌മോളജി (എൻസിഎംഎസ്) നിർദ്ദേശം നൽകിയിട്ടുണ്ട്. തുറസായ പ്രദേശങ്ങളിൽ കാഴ്ചയ്ക്ക് മങ്ങലേൽക്കാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.

കടൽ രൂക്ഷമായിരിക്കുന്നതിനാൽ തീരദേശത്തുള്ളവരും കടലിൽ പോകുന്നവരും ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്. മഴയും പൊടിക്കാറ്റും നിറഞ്ഞ വ്യതിചലിക്കുന്ന കാലാവസ്ഥയാണ് യുഎഇയിൽ ആകമാനം അനുഭവപ്പെട്ടത്. പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കൻ കിഴക്കൻ മേഖലകളിൽ. കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ അന്തരീക്ഷ താപനില അഞ്ചു ഡിഗ്രി വരെ താഴാനും ഇടയായി. വെള്ളിയാഴ്ച ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് എൻസിഎംഎസ് നേരത്തെ തന്നെ പ്രവചിച്ചിരുന്നു.