യുഎഇയുടെ പലഭാഗങ്ങളിലും ഇന്നലെ രാവിലെ മുതൽ മഴ. കഴിഞ്ഞ ദിവസങ്ങളിൽ കൂടിവന്ന ചൂട് ഇതോടെ ആറുമുതൽ എട്ടുഡിഗ്രിവരെ കുറഞ്ഞു. അബുദാബി, ഷാർജ, ദുബായ്, അജ്മാൻ, ഫുജൈറ തുടങ്ങിയ സ്ഥലങ്ങളിൽ മഴ പകൽമുഴുവൻ നീണ്ടുനിന്നു. ചില സ്ഥലങ്ങളിൽ മഴ ശക്തമായിരുന്നു. ഷാർജ അജ്മാൻ, അൽ ഖാല തുടങ്ങിയിടങ്ങളിൽ വ്യാഴാഴ്ച രാത്രി തന്നെ മഴ തുടങ്ങിയിരുന്നു. വ്യാഴാഴ്ച രാത്രി പത്തിനുശേഷം ഷാർജയിൽ ശക്തമായ കാറ്റടിച്ചിരുന്നു.

മഴ ശക്തമായതോടെ വാഹന അപകടങ്ങളും കൂടി. റാസൽ ഖൈമയിൽ മാത്രം വെള്ളിയാഴ്ച 67 റോഡപകടങ്ങളാണ് ഉണ്ടായത്. മഴയും മഞ്ഞും കാരണമാണ് അപകടങ്ങൾ ഏറെയും നടന്നത്. 67 അപകടങ്ങൾ ഉണ്ടായെങ്കിലും അവയൊന്നും ഗുരുതര അപകടങ്ങൾ ആയിരുന്നില്ല. പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷകൾ മാത്രം നൽകി വിട്ടയച്ചു. ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. മഴയെത്തുടർന്നുണ്ടാകുന്ന അപകടങ്ങൾ നേരിടാൻ പൊലീസ് സജ്ജമാണെന്ന് റാസൽ ഖൈമ പൊലീസ് സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖാനം അഹമ്മദ് ഖാനം അറിയിച്ചു.

ന്യൂനമർദത്തെ തുടർന്നു രാജ്യത്തു മഴയ്ക്കു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തീരദേശത്താണു കൂടുതൽ മഴ പെയ്യുന്നത്. വടക്കു പടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ അൽ ഹംറയിൽ വീശാൻ സാധ്യതയുണ്ട്. രാജ്യത്തിന്റെ പലഭാഗത്തും മഴയുണ്ടാകാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചില സ്ഥലങ്ങളിൽ ശക്തമായ കാറ്റുമുണ്ടാകും. കടലിൽ നീന്താൻ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ കാറ്റ് വീശുമെന്നും അറബിക്കടലും ഒമാൻ കടലും പ്രക്ഷുബ്ധമാകുമെന്നും തീരങ്ങളിൽ പ്രത്യേകം സൂക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. എട്ടുമുതൽ 12 വരെ അടി ഉയരത്തിൽ തിരയടിച്ചേക്കാം. കാറ്റും മഴയും മൂലം ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു