ഡബ്ലിൻ: മഞ്ഞുവീഴ്ച കനത്ത തോതിൽ തുടരുന്നതിനാൽ രാജ്യമെമ്പാടും താപനില മൈനസ് രണ്ടു മുതൽ മൈനസ് ഏഴു വരെ താഴുമെന്ന് കാലാവസ്ഥാ പ്രവചനം. കാവൻ, ഡൊണീഗൽ, മൊണഗൽ, റോസ്‌കോമൺ, ലീട്രിം, വെസ്റ്റ് മീത്ത്, ലൂത്ത് എന്നീ കൗണ്ടികളിൽ അതിശക്തമായ മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തുന്നത്. ഈ കൗണ്ടികളിൽ യെല്ലോ അലർട്ടാണ് നിലനിൽക്കുന്നത്.

അടുത്ത ബുധനാഴ്ച വരെ ഈ കാലാവസ്ഥ തുടരുമെന്നാണ് മെറ്റ് ഐറീൻ പ്രവചനം. രാത്രി കാലങ്ങളിൽ ശക്തമായ തോതിൽ മഞ്ഞുവീഴ്ചയും ആലിപ്പഴം പൊഴിയലും ഉണ്ടായിരിക്കും. വാഹനമോടിക്കുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. റോഡിലെങ്ങും ബ്ലാക്ക് ഐസിന്റെ സാന്നിധ്യം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മൂടൽ മഞ്ഞ് കാഴ്ച മറയ്ക്കും. തൊട്ടടുത്തുള്ള വാഹനങ്ങൾ പോലും കാണാൻ പറ്റാത്ത വിധത്തിലാണ് മൂടൽ മഞ്ഞുള്ളത്. ബ്ലാക്ക് ഐസ് റോഡിലുള്ളതിനാൽ വാഹനം ബ്രേക്കിട്ടാൽ പോലും നിയന്ത്രിക്കാൻ സാധിക്കില്ല. ബ്ലാക്ക് ഐസ് സാന്നിധ്യം പെട്ടെന്ന് തിരിച്ചിറിയാൻ സാധിക്കാത്തതും അപകടത്തിന്റെ തീവ്രത വർധിപ്പിക്കും.

മഞ്ഞുവീഴ്ചയ്‌ക്കൊപ്പം കാറ്റു വീശുന്നതിനാൽ തണുപ്പിന്റെ ആധിക്യം വർധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മിക്കയിടങ്ങളിലും താപനില മൈനസ് ഏഴു വരെ താഴും. നിലവിൽ മൈനസ് ഒന്നു മുതൽ മൈനസ് മൂന്നുവരെയാണ് മിക്കയിടങ്ങളിലും രേഖപ്പെടുത്തുന്ന താപനില. അടുത്ത ആഴ്ചയും ഇതേ രീതിയിൽ തന്നെ തണുപ്പ് തുടരാനാണ് സാധ്യതയെന്ന് മെറ്റ് ഐറീൻ പറയുന്നു. രാജ്യമെമ്പാടും കനത്ത മഞ്ഞുവീഴ്ചയാണിപ്പോൾ രേഖപ്പെടുത്തുന്നത്. ഞായറാഴ്ച രാവിലെ ആലിപ്പഴ മഴയും ശക്തമായ തോതിൽ ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു.

മഞ്ഞുവീഴ്ചയും കാറ്റും ശക്തമായി തുടരുന്നതിനാൽ വൈദ്യുതി മുടക്കവും പല മേഖലകളിലും നേരിടുന്നുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുന്നത് വൈദ്യുതി ബന്ധം വിഛേദിക്കപ്പെടാൻ കാരണമായിരിക്കുകയാണ്. മഞ്ഞുവീഴ്ചയും മൂടൽ മഞ്ഞും ഡബ്ലിനിൽ നിന്നുള്ള വിമാനസർവീസുകളേയും ബാധിച്ചു. ഡബ്ലിൻ എയർപോർട്ടിൽ നിന്ന് 20 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. 38 സർവീസുകൾ റദ്ദാക്കി. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ വിമാനത്താവളങ്ങളിൽ കാറ്റുവീശുന്നുണ്ട്.