ടൊറന്റോ: ദ റോയൽ കനേഡിയൻ മൗണ്ടട് പൊലീസിലും (ആർസിഎംപി) യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവായി. മൗണ്ടീസ് എന്നറിയപ്പെടുന്ന സേനയിലേക്ക് കൂടുതൽ വനിതാ മുസ്ലിം ഓഫീസർമാരെ ആകർഷിക്കാനാണ് ഹിജാബ് ധരിക്കാൻ അനുമതി നൽകിയിരിക്കുന്നതെന്നും സർക്കാർ വക്താവ് വെളിപ്പെടുത്തി. രണ്ടു നൂറ്റാണ്ടായി തുടർന്നുവന്നിരുന്ന യൂണിഫോമിന്റെ ഭാഗമായുള്ള പരന്ന തൊപ്പിക്കു പകരം ഇനി ഹിജാബ് വേണ്ടവർക്ക് അത് അണിയാം.

ആർസിഎംപിയുടെ അഞ്ചിലൊന്ന് സ്ത്രീകളാണ്. എന്നാൽ പുതിയ മാറ്റം എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. പുതിയ യൂണിഫോം മാറ്റത്തിന്റെ ഭാഗമായി മൂന്നു തരത്തിലുള്ള ഹിജാബുകൾ പരീക്ഷിച്ചു നോക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ പൊലീസ് ജോലിക്ക് ഏറ്റവും അഭികാമ്യമെന്നു തോന്നുന്ന ഒരു ഡിസൈൻ തെരഞ്ഞെടുത്തിട്ടുമുണ്ട്.

ഇത്തരത്തിൽ ഹിജാബ് യൂണിഫോമിന്റെ ഭാഗമാക്കുന്ന പദ്ധതി ഈ വർഷം ആദ്യമേ തന്നെ കൊണ്ടുവന്നതാണ്. അതേസമയം ഏതെങ്കിലും ഓഫീസറുടെ അഭ്യർത്ഥന പ്രകാരമല്ല ഹിജാബ് അണിയുന്നതിന് അനുമതി നൽകാൻ കാരണമായിട്ടുള്ളതെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാൽ മതപരമോ സാംസ്‌കാരിക പരമോ ആയ നിബന്ധനകൾക്ക് വഴങ്ങി നിയമങ്ങളിൽ അല്പം ഇളവു അനുവദിക്കണമെന്ന് രണ്ടു വർഷമായി മുപ്പതോളം ഓഫീസർമാർ ആവശ്യപ്പെടുന്നുണ്ടെന്നും ഒരു ലോക്കൽ പത്രം റിപ്പോർട്ട് ചെയ്യുന്നു. അതിൽ പ്രധാനം പുരുഷന്മാരായ ഓഫീസർമാർക്ക് താടി വളർത്തുന്നതിനുള്ള അവകാശമായിരുന്നു.

1990 മുതൽ സിക്ക് മതത്തിൽ പെട്ട ഓഫീസർമാർക്ക് ടർബൻ ധരിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ടൊറന്റോ, എഡ്മണ്ടൻ എന്നിവയ്ക്കു പിന്നീലെ ആർസിഎംപിയാണ് കാനഡയിൽ പൊലീസ് ഫോഴ്‌സിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകിയിരിക്കുന്നത്.