റിയാദ്: സൗദിയിലെ വിദേശി തൊഴിലാളികളെ ജോലിക്ക് വയ്ക്കുന്നതിനുള്ള ചെലവ് വീണ്ടും വർദ്ധിപ്പിക്കാൻ നീക്കം. വിദേശി തൊഴിലാളി കൾക്കുള്ള ലെവി വർദ്ധിപ്പിക്കാൻ തൊഴിൽ മന്ത്രാലയം ലക്ഷ്യമിടുന്നതിന് പിന്നിൽ സ്വദേശിവത്കരണത്തിന് സ്ഥാപനങ്ങളെ പ്രേരിപ്പിക്കുകയാണ്.നിലവിൽ അമ്പത് ശതമാനം സ്വദേശിവത്കരണം നടത്താത്ത സ്ഥാപനങ്ങൾ ഓരോ വിദേശ തൊഴിലാളികൾക്കും വർഷത്തിൽ 2, 400 റിയാൽ വീതമാണ് ലെവി അടക്കേണ്ടത്.

സ്വകാര്യമേഖലയിൽ വിദേശിതൊഴിലാളികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിന് ആവശ്യമായ പരിശീലനവും തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിന് മാനവവിഭവശേഷി വികസന നിധി നൽകുന്ന സേവനങ്ങൾക്കുള്ള ഫീസ് മന്ത്രിസഭ തീരുമാനിക്കും. ഇത് കൂടി ഉൾക്കൊള്ളുന്ന ഖണ്ഡിക മാനവവിഭവശേഷി വികസനനിധി നിയമത്തിന്റെ ആറാം വകുപ്പിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു.

2012 നവംബർ 15 മുതലാണ് സ്വദേശികളുടെ എണ്ണത്തിൽ കൂടുതലുള്ള വിദേശി ജോലിക്കാരുടെ ഇഖാമ പുതുക്കാൻ വർക്ക് പെർമിറ്റ് എടുക്കുന്ന വേളയിൽ വർഷത്തേക്ക് 2400 റിയാൽ ലെവി ഇടാക്കാൻ തുടങ്ങിയത്.