- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പണിയില്ലാതെ മാസം ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ നിരവധി; സ്റ്റേഷനറി വകുപ്പിനെ വെട്ടിച്ചുരുക്കാനുള്ള നിർദ്ദേശവുമായി പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി; സ്വാമിയെ തെറിപ്പിക്കണമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: പേപ്പർ ഫയലുകൾ അപ്രസക്തമായി കൊണ്ടിരിക്കുന്ന കാലത്ത് സ്റ്റേഷനറി വകുപ്പിന്റെ പ്രവർത്തനം വെട്ടിചുരുക്കി സർക്കാരിന് പ്രതിമാസമുണ്ടാകുന്ന നഷ്ടം കുറയ്ക്കാൻ താഴേതട്ടിലേക്ക് നിർദ്ദേശം നൽകിയ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജുനാരായണ സ്വാമിയെ തെറിപ്പിക്കണമെന്ന് മുതിർന്ന ഉദ്യോഗസ്ഥരും യൂണിയൻ നേതാക്കളും. വകുപ്പിലെ പുനക്രമീകരണം നടപ്പാക്കാൻ നിയോഗിച്ച സമിതിയുടെ തീരുമാനപ്രകാരം സ്റ്റേഷനറി കൺട്രോളറോട് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് തീരുമാനം അറിയിക്കാൻ രാജു നാരായണ സ്വാമി മെയ് മാസം 30നാണ് നിർദ്ദേശം നൽകിയത്. ഇതിന് പിന്നാലെയാണ് ഈമാസം മൂന്ന് വെള്ളിയാഴ്ച ഓൺലൈനായി യോഗം ചേർന്നത്.
തസ്തികകൾ വെട്ടിക്കുറയ്ക്കാനോ ഓഫീസുകളുടെ നിലവിലെ സ്ഥിതി മാറ്റാനോ അനുവദിച്ചാൽ ഭാവിയിൽ വകുപ്പ് ഇല്ലാതാകുമെന്നായിരുന്നു ചിലരുടെ നിരീക്ഷണം. നടപടിയുമായി മുന്നോട്ട് പോയാൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജു നാരായണ സ്വാമിയെ മാറ്റാമെന്നും അതിനുള്ള ബന്ധങ്ങളുള്ളവർ ഇവിടെയുണ്ടെന്നും മധ്യകേരളത്തിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇതോടെ പുനക്രമീകരണവുമായി സഹകരിക്കേണ്ടതില്ലെന്ന് പൊതുവയ തീരുമാനമാണ് യോഗത്തിലുണ്ടായത്.
ഭാരിച്ച ജോലികളില്ലാതെ പ്രതിമാസം ലക്ഷങ്ങൾ ശമ്പളമായും മറ്റ് ആനുകൂല്യമായും വാങ്ങുന്നവർക്ക് പുനക്രമീകരണം നടന്നാൽ ഈ വകുപ്പിൽ നിന്ന് മാറേണ്ടിവരും. മറ്റേതെന്തിലും വകുപ്പിലെത്തിയാൽ ഇതുപോലെ ആവില്ല സ്ഥിതി ഇത് മനസിലാക്കിയാണ് ഉദ്യോഗസ്ഥർ ഒന്നടങ്കം പുനക്രമീകരണത്തെ എതിർത്തത്. സ്റ്റേഷനറി വകുപ്പിലെ പുനക്രമീകരണം നടത്താൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി അദ്ധ്യക്ഷനുംഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ ഡെപ്യൂട്ടി സെക്രട്ടറി സിജു ജേക്കബ് കൺവീനറായുമുള്ള സമിതിയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. അച്ചടി വകുപ്പ് ഡയറക്ടർ ഷിബു എ.റ്റി, സ്റ്റേഷനറി കൺട്രോളർ മേരി മാർഗരറ്റ് പ്രകാശ്യ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഈസമിതി മെയ് 27ന് യോഗം ചേർന്നാണ് വകുപ്പിൽ ചർച്ച നടത്തി റിപ്പോർട്ട് നൽകാൻ സ്റ്റേഷനറി ഡയറക്ടറെ ചുമതലപ്പെടുത്തിയത്.
ഇ-ഓഫീസ് സംസ്ഥാനവ്യാപകമായി നടപ്പാക്കുന്നതോടെ പേപ്പറിന്റേയും ഫയൽ ബോർഡിന്റേയും ഉപയോഗം കുറയുന്ന സാഹചര്യത്തിലും കേന്ദ്രസർക്കാരിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ പർച്ചേസ് നടത്തപ്പെടുമ്പോൾ കേന്ദ്രീകൃത പർച്ചേസ് സംവിധാനത്തിന്റെ പ്രസക്തി നഷ്ടപ്പെടുമെന്നതും കണക്കിലെടുത്താണ് സ്റ്റേഷനറി വകുപ്പിനെ വട്ടിചുരുക്കാനുള്ള നിർദ്ദേശങ്ങൾ സമിതി മുന്നോട്ട് വച്ചത്. സ്റ്റേഷനറി സാധനങ്ങൾ വാങ്ങി തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെയുള്ള സർക്കാർ ഓഫീസുകളിൽ എത്തിക്കുന്നതിന് പകരം അതാത് സ്ഥാപനങ്ങൾ സ്റ്റേഷനറി സാധനങ്ങൾ വാങ്ങുന്നതാണ് നല്ലതെന്നും സമിതി കണ്ടെത്തി.
സ്റ്റേഷനറി വകുപ്പിൽ നിലവിലുള്ള പല തസ്തികകളും കാലഹരണപ്പെട്ടിരിക്കുകയാണ്. നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ഷൊർണൂർ എന്നിവിടങ്ങളിലുള്ള മേഖലാ ഓഫീസുകളെ ജില്ലാ ഓഫീസുകളാക്കി മാറ്റണമെന്നും ഈ ഓഫീസുകളുടെ ചുമതലയുള്ള നാല് അസിസ്റ്റന്റ് കൺട്രോളർ തസ്തികകളും വേണ്ടെന്നാണ് സമിതിയുടെ കണ്ടെത്തൽ. 42500-87000 എന്ന ശമ്പള സ്‌കെയിലാണ് അസിസ്റ്റന്റ് കൺട്രോളർമാരുടേത്.
ഇതോടൊപ്പം എല്ലാ ജില്ലകളിലും വിതരണം ചെയ്യുന്ന സ്റ്റേഷനറി സാധനങ്ങളുടെ കണക്കെടുക്കാൻ ചുമതലയുള്ള സ്റ്റേഷനറി ഇൻസ്പെക്ടർ തസ്തികയും അപ്രസക്തമാണെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. പല സർക്കാർ സ്ഥാപനങ്ങളും സ്റ്റേഷനറി ക്വാട്ട ഇല്ലാതാകാതിരിക്കാൻ വേണ്ടി പേരിന് മാത്രമാണ് സാധനങ്ങൾ വാങ്ങുന്നത്. ഇവരെ നിരീക്ഷിക്കുന്ന സ്റ്റേഷനറി ഇൻസ്പെക്ടർമാർക്ക് 36600-79200 എന്നതാണ് ശമ്പള സ്‌കെയിൽ. ലക്ഷങ്ങളാണ് ശമ്പളയിനത്തിൽ മാത്രം അനാവശ്യമായി നൽകുന്നത്. ഈ ഉദ്യോസ്ഥരെ ജീവനക്കാർ കുറവും ജോലിഭാരം കൂടുതലുമുള്ള മറ്റുവകുപ്പുകളിലേക്ക് മാറ്റിയാൽ അത് സർക്കാരിനും നാടിനും ഒരുപോലെ ഗുണകരമാകുമെന്നതിൽ സംശയമില്ല.
ഈ പശ്ചാത്തലത്തിലാണ് മാറി സാഹചര്യം പരിശോധിച്ച് പ്രൊപ്പോസൽ തയ്യാറാക്കി 10 ദിവസത്തിനകം സമിതിയുടെ പരിഗണനയ്ക്കായി സമർപ്പിക്കാൻ സ്റ്റേഷന കൺട്രോളറെ ചുമതലപ്പെടുത്തിയത്. പഴയകാലത്തെ പേലെ സ്റ്റേഷനറി വകുപ്പിന ഇന്ന് പ്രസക്തിയില്ലെന്നത് സർക്കാരും സമ്മതിക്കുന്നു. ഈ വകുപ്പിന്റെ പ്രധാന ജോലിയായ പാഠപുസ്തക അച്ചടി ഇപ്പോൾ കെ.ബി.പി.എം.എസ് നേരിട്ടാണ് നടത്തുന്നത്.
ഇ ഓഫീസ് സംവിധാനം വന്നതോടെ പരമാവധി പേപ്പറുകൾ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ഏറ്റവും കൂടുതൽ സ്റ്റേഷനറി ഉപയോഗിച്ചിരുന്ന നിയമസഭയിൽ ഉൾപ്പെടെ സമ്പൂർണ ഇ ഓഫീസ് നടപ്പാക്കി കഴിഞ്ഞു. സർക്കാർ പ്രസുകളിൽ ഗസ്റ്റ് പോലും ഇ ഗസ്റ്റാക്കി മാറ്റിയതോടെ അവിടെയും പ്രസക്തി കുറഞ്ഞു. എന്നാൽ കാലം മാറിയെങ്കിലും നിലവിലെ സ്ഥിതി അതുപോലെ തുടരണമെന്നും തസ്തികകളും ജീവനക്കാരും കുറയ്ക്കാൻ പാടില്ലെന്നുമാണ് ഉദ്യോഗസ്ഥ നിലപാട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്