മസ്‌കത്ത്: നാളെ മുതൽ മുവാസലാത്ത് ടാക്‌സി സേവനങ്ങൾക്ക് പുതിയ നിരക്കും. വാണിജ്യ കേന്ദ്രങ്ങളിൽനിന്നുള്ള സർവിസുകളുടെയും ഓൺകാൾ സേവനത്തിന്റെയും നിരക്കുകൾ ആണ് നാളെ മുതൽ മാറുക. കിലോമീറ്റർ നിരക്കുകളിൽ ചെറിയ കുറവ് വരുത്തിയതിനൊപ്പം ഓൺകാൾ സേവനങ്ങൾക്ക് ബുക്കിങ് നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രവൃത്തിദിവസങ്ങളിൽ പകൽസമയങ്ങളിൽ ഒരു റിയാലിൽനിന്നാകും രണ്ടു വിഭാഗത്തിലും മീറ്റർ നിരക്ക് തുടങ്ങുക. ഓൺ കാൾ സേവനത്തിന് 500 ബൈസ ബുക്കിങ് നിരക്ക് നൽകേണ്ടി വരും. 30 കിലോമീറ്റർ വരെ കിലോമീറ്ററിന് 200 ബൈസ എന്ന തോതിലാണ് നൽകേണ്ടത്. അതിന് മുകളിലുള്ള ഓരോ കിലോമീറ്ററിനും 150 ബൈസ വീതമാണ് നിരക്ക്.

പുലർച്ചെ ആറുമുതൽ രാത്രി 10 വരെയാണ് ഈ നിരക്കുകൾ ബാധകം. പുലർച്ചെ ആറുവരെയുള്ള രാത്രി സർവിസുകൾക്ക് 1.300 റിയാൽ മുതലാണ് നിരക്കുകൾ ആരംഭിക്കുക. കിലോമീറ്റർ നിരക്കുകൾ പകൽസമയത്തേത് തന്നെയാണ്. അഞ്ചിലധികം യാത്രക്കാർ കയറുന്ന മിനി വാനിന് ഒന്നര റിയാൽ മുതലാണ് നിരക്കുകൾ ആരംഭിക്കുക. വെയ്റ്റിങ് ചാർജാകട്ടെ മിനിറ്റിന് 50 ബൈസ എന്ന തോതിലുമായിരിക്കും.

പ്രവൃത്തി ദിവസങ്ങളിലെ പകൽ സർവിസുകൾക്ക് മാളുകളിൽനിന്ന് ഒരു റിയാലും ഓൺ കാൾ സേവനങ്ങൾക്ക് 1.2 റിയാലും മുതലാണ് നിലവിൽ ഈടാക്കുന്നത്. ഓരോ കിലോമീറ്ററിനും 300 ബൈസ വീതവും നൽകണം. മാളുകളിൽ നിന്നുള്ള രാത്രി സർവിസിന്റെ നിരക്കുകൾ 1.3 റിയാലിലും ഓൺകാൾ സേവനങ്ങൾ ഒന്നര റിയാൽ മുതലുമാണ് ഇപ്പോൾ ആരംഭിക്കുന്നത്. കിലോമീറ്ററിന് 350 ബൈസയും നൽകണം. മുവാസലാത്തിന് ഒപ്പം മീറ്റർ ടാക്‌സി സേവനത്തിന് ലൈസൻസ് ലഭിച്ച മർഹബയും ടാക്‌സി നിരക്കുകൾ ഡിസംബറിൽ കുറച്ചിരുന്നു